കർഷകസമരം: രാജ്യവ്യാപകമായി പ്രതിഷേധം
ന്യൂഡൽഹി: കർഷകപ്രക്ഷോഭത്തിന് പിന്തുണയുമായി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ. ഡൽഹിയിൽ ഇടതുപാർട്ടികളുടെ നേതൃത്വത്തിൽ പാർലമെന്റ് മാർച്ച് നടത്തി. സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.എം പി.ബി അംഗങ്ങളായ വൃന്ദാ കാരാട്ട്,ഹനൻമൊള്ള, ഇടത് എം.പിമാരായ കെ.കെ.രാഗേഷ് ബിനോയ് വിശ്വം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. ആം ആദ്മി പാർട്ടി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സെൻട്രൽ ഡൽഹി ഐ.ടി.ഒയിൽ മനുഷ്യശൃംഖല സംഘടിപ്പിച്ചു. ഹരിയനയിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുടെ വസതിയിലേയ്ക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമാർച്ച് നടത്തി. ഇവർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. രാജസ്ഥാനിൽ കർഷക നിയമത്തെ പിന്തുണയ്ക്കുന്ന 25 എം.പിമാരുടെ വീടിന് മുന്നിൽ എൻ.എസ്.യു.ഐ പ്രതിഷേധ സമരം നടത്തി. രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ കർഷകരും പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു. മഹാരാഷ്ട്രയിൽ ഇന്ന് ലോക് സംഘർഷ് മോർച്ച മോദിയുടെ കോലം കത്തിക്കും. മഹാരാഷ്ട്ര ഫാർമേഴ്സ് യൂണിയനും സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചു. ഇന്ന് ഡൽഹി - യുപി അതിർത്തിയായ ഖാസിപ്പുരിൽ മഹാപഞ്ചായത്ത് നടത്തും. യു.പി, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർക്കൊപ്പം വിവിധ ഖാപ്പ് തലവൻമാരും പങ്കെടുക്കും. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നും കർഷകരും ഡൽഹിയിലേക്കുള്ള സമരത്തിനായി പുറപ്പെട്ടു.