ചാഴൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്കും ഭർത്താവിനും നേരെ സി.പി.എം അക്രമം

Thursday 03 December 2020 6:03 AM IST

ചാഴൂർ: ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് എൻ.ഡി.എ സ്ഥാനാർത്ഥി പങ്കജാക്ഷിക്കും ഭർത്താവിനും നേരെ സി.പി.എം അക്രമം. ചൊവ്വാഴ്ച വൈകിട്ട് സ്ഥാനാർത്ഥിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ സി.പി.എം പ്രവർത്തകർ സ്ഥാനാർത്ഥിയെ കൈയേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തു.

തുടർന്ന് ഭർത്താവ് സുബ്രഹ്മണ്യനെ അവരുടെ ഫാമിനടുത്ത് വച്ച് തടയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പുള്ളിൽ പ്രതിഷേധ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി അഡ്വ. ഹരി ഉദ്ഘാടനം ചെയ്തു.

ആർ.എസ്.എസ് ഇരിങ്ങാലക്കുട ജില്ലാ കാര്യവാഹ് ലൗലേഷ്, അജയകുമാർ ഞായക്കാട്ട്, ഷാജി കളരിക്കൽ, ഗോപി തട്ടള എന്നിവർ സംസാരിച്ചു. സമീപവാസികളും സി.പി.എം പ്രവർത്തകരുമായ അജസ്, അക്ഷയ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമം നടന്നതെന്ന് ബി.ജെ.പി ആരോപിച്ചു.