വീട്ടമ്മയുടെ കൊലപാതകം: പന്ത്രണ്ട് വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ
തൊടുപുഴ: കാഞ്ചിയാറിൽ പള്ളിക്കവല കിടങ്ങിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന അമ്പത് വയസുകാരി കൊല്ലപ്പെട്ട കേസിൽ ഇടുക്കി കൽക്കൂന്തൽ ഈട്ടിത്തോപ്പ് പതാലിപ്ലാവിൽ ഗിരീഷ് (38) ക്രൈംബ്രാഞ്ച് പിടിയിൽ. കൈപ്പറ്റയിൽ ജോസഫിന്റെ മകൾ കുഞ്ഞുമോൾ (50) 2008 ആഗസ്റ്റ് രണ്ടിനാണ് മാരകമായി തലക്കടിയേറ്റ് കൊല്ലപ്പെട്ടത്. 2008 ഒക്ടോബറിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പ്രതികളെ കണ്ടെത്താൻ സാധിച്ചില്ല. ഇടുക്കി ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് പി.കെ. മധുവിന്റെ നേതൃത്വത്തിലെ അന്വേഷണ സംഘമാണ് പന്ത്രണ്ട്വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തത്. തെളിവുകൾ ശേഖരിച്ച ശേഷം തിങ്കളാഴ്ച ഓഫീസിൽ വിളിച്ചു വരുത്തി അവസാനവട്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കട്ടപ്പന ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതിനെ തുടർന്ന് മുട്ടത്തെ കൊവിഡ് സെന്ററിൽ പരിശോധനയ്ക്കായി പാർപ്പിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണങ്ങളും തെളിവെടുപ്പും നടത്തുമെന്ന് എസ്.പി പറഞ്ഞു. 2002ൽ അയൽവാസിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് 12 വർഷം ശിക്ഷിക്കപ്പെട്ടയാളാണ് ഗിരീഷ്. 2016ൽ സ്‌കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം എടുത്ത കേസ് വിചാരണയിലാണ്. ഇൻസ്‌പെക്ടർ ഷിന്റോ പി. കുര്യൻ, എസ്.ഐമാരായ എം.പി മോനച്ചൻ, സജി പോൾ, സിജു ജോസഫ്, സി.പി.ഒമാരായ, ബിജേഷ് , അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.