വനിതാ ജഡ്ജിമാർക്കെതിരെ മോശം പരാമർശം: ജസ്റ്റിസ് കർണൻ അറസ്റ്റിൽ
ചെന്നൈ: സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജസ്ജിമാരുടെ ഭാര്യമാർക്കും വനിതാ ജഡ്ജിമാർക്കും എതിരെ അഴിമതി, ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച കേസിൽ മുൻ ജഡ്ജി ജസ്റ്റിസ് കർണനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ മോശം പരാമർശങ്ങൾ നിറഞ്ഞ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഈ വീഡിയോകൾ നീക്കം ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അഭിഭാഷകയായ എസ്. ദേവികയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ജസ്റ്റിസ് കർണൻ നടത്തിയ ആരോപണം അത്യന്തം അപകീർത്തികരമാണെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനാപരമായി ഉയർന്ന സ്ഥാനം വഹിച്ച ആൾ ഇത്തരത്തിൽ തരംതാഴുന്നത് ദൗർഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു. . വിവാദ വീഡിയോകൾ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാർ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച കോടതി കേസ് ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും. 2017ൽ മറ്റ് ജഡ്ജിമാരിൽ നിന്ന് ജാതി വിവേചനം നേരിടേണ്ടിവന്നുവെന്ന തുറന്നു പറച്ചിലിലൂടെയാണ് ജസ്റ്റിസ് കർണൻ വിവാദ നായകനായത്. കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയപ്പോൾ ജസ്റ്റിസ് കർണൻ അന്നത്തെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീംകോടതിയിലെ എട്ട് ജഡ്ജിമാരെ അഞ്ചു വർഷം കഠിനതടവിന് വിധിച്ചു. തുടർന്ന് കോടതിയലക്ഷ്യത്തിന് ജയിലിലായ ജസ്റ്റിസ് കർണൻ ആറുമാസത്തെ തടവുശിക്ഷ കഴിഞ്ഞാണ് ജയിൽ മോചിതനായത്.