80 കിലോമീറ്റർ വേഗതയിൽ ബുറേവി നാളെ; കേരളം കരുതലോടെ
നാല് ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യത
കനത്ത ജാഗ്രത, തീരദേശവാസികൾ ക്യാമ്പുകളിലേക്ക്
തിരുവനന്തപുരം: മൂന്ന് വർഷം മുമ്പ് വൻ നാശമുണ്ടാക്കിയ ഓഖി ചുഴലിക്കാറ്റിനെ ഓർമ്മിപ്പിച്ച് ബുറേവി ചുഴലിക്കാറ്റ് കേരള തീരത്തേക്ക് അടുക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ശ്രീലങ്കൻ ഭാഗത്തുനിന്ന് നാളെ ഉച്ചയോടെ കന്യാകുമാരിയിൽ എത്തിയേക്കും. അവിടെനിന്ന് മണിക്കൂറിൽ 80 കിലോ മീറ്ററോളം വേഗതയിൽ നെയ്യാറ്റിൻകര ഭാഗത്ത് അടിച്ചുകയറി വെങ്ങാനൂർ ഭാഗത്തുകൂടി അറബിക്കടലിൽ പതിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട്.
ഇതിന്റെ ഫലമായി തിരുവനന്തപുരം,പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ശക്തമായ കാറ്റും മഴയും ഇടിമിന്നലുമുണ്ടാകും. കടൽ പ്രക്ഷുബ്‌ധമായി മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരയടിക്കും. കരയിൽ വൻനാശം വിതച്ചേക്കും.
ദേശീയ ദുരന്തനിവാരണ സേനയുടെ എട്ട് ടീമുകളും നാവിക,വ്യോമസേനകളുടെ ടീമുകളും സംസ്ഥാനത്ത് എത്തി. കോയമ്പത്തൂരിൽ സൈന്യത്തെ സജ്ജമാക്കി. തീരദേശത്തെ ആളുകളെ രണ്ടായിരത്തിലേറെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. കാറ്റും മഴയും ശക്തമായാൽ ശബരിമല ദർശനം നിയന്ത്രിക്കേണ്ടിവരും. ആരോഗ്യകേന്ദ്രങ്ങൾ, അഗ്നിശമന - ദുരന്തനിവാരണ - പൊലീസ് സേനകൾ, വൈദ്യുതി, റവന്യു, തദ്ദേശസ്ഥാപനങ്ങൾ എന്നിവർ കനത്ത ജാഗ്രതയിലാണ്.
#ബുറേവിയുടെ യാത്രാവഴി
ഇന്നലെ വൈകിട്ട് ശ്രീലങ്കയിലെ ട്രിങ്കോമാലിയുടെ 110 കിലോമീറ്റർ അടുത്ത്. രാത്രിയോടെ ലങ്കയിലേക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ. പുലർച്ചെ ഇന്ത്യയ്ക്കും ലങ്കയ്ക്കും ഇടയിലുള്ള മാന്നാർ കടലിൽ. വേഗത 90 കിലോമീറ്റർ. ഇന്ന് ഉച്ചയോടെ പാമ്പൻ പാലത്തിനടുത്തുകൂടി തൂത്തുക്കുടിയിലേക്ക്. വൈകിട്ട് കന്യാകുമാരിയിൽ. വേഗത 80 കിലോമീറ്ററായി കുറഞ്ഞേക്കും. ഉച്ചയോടെ നെയ്യാറ്റിൻകര വഴി പടിഞ്ഞാറോട്ട്. വൈകിട്ട് വെങ്ങാനൂർ വഴി അറബിക്കടലിൽ. വേഗത കുറഞ്ഞ് ഗൾഫ് ഭാഗത്തേക്ക്.
മഴ മുന്നറിയിപ്പ്
ഇന്ന്
- റെഡ് അലർട്ട് - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
- ഓറഞ്ച് അലർട്ട് - കോട്ടയം, എറണാകുളം, ഇടുക്കി
- യെല്ലോ അലർട്ട്. - തൃശൂർ, പാലക്കാട്
നാളെ
- ഓറഞ്ച് അലർട്ട് - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
- യെല്ലോ അലർട്ട്-- തൃശൂർ, പാലക്കാട്
ജനങ്ങൾ ജാഗ്രത പാലിക്കണം. ഭയാശങ്ക വേണ്ട. ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്. ചുഴലിക്കാറ്റിനെ മറികടക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.
- മുഖ്യമന്ത്രി പിണറായി വിജയൻ