ആഭ്യന്തര വിമാന സർവീസുകൾ വർദ്ധിപ്പിച്ചു

Friday 04 December 2020 12:59 AM IST

ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതിന് മുമ്പുണ്ടായിരുന്നതിന്റെ 80ശതമാനം ആഭ്യന്തര വിമാന സർവീസിന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം അനുമതി നൽകി. വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത് കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ അനുവദിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. കഴിഞ്ഞ മാസം 70ശതമാനം സർവീസുകൾക്കാണ് അനുമതിയുണ്ടായിരുന്നത്.

ലോക്ക്ഡൗണിന് ശേഷം മെയ് 25ന് 33ശതമാനം വിമാനങ്ങളുമായാണ് ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചത്. അന്ന് 30,000 പേർ മാത്രമുണ്ടായിരുന്ന ആഭ്യന്തര സർവീസ് ക്രമേണെ മെച്ചപ്പെടുകയും നവംബർ 30ന് 2.52 ലക്ഷത്തിൽ എത്തുകയും ചെയ്‌തിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ മാസത്തെക്കാൾ പത്തു ശതമാനം കൂടുതൽ സർവീസ് അനുവദിക്കാൻ തീരുമാനിച്ചത്. അതേസമയം അന്താരാഷ്‌ട്ര സർവീസ് തുറന്നിട്ടില്ല.