സഫലമായ 5 വർഷങ്ങൾ

Saturday 05 December 2020 12:55 AM IST

ചരിത്രം തുടിക്കുന്ന ശംഖുമുഖത്ത് സാഗരം സാക്ഷിയായി ഭാരത് ധർമ്മജന സേന (ബി.ഡി.ജെ.എസ്) പി​റന്നിട്ട് ഇന്ന് അഞ്ചുവർഷം തി​കയുകയാണ്. കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധമായ സംസ്ഥാനത്ത് നൂറുകണക്കി​ന് പാർട്ടി​കൾ ജനി​ക്കുകയും മരി​ക്കുകയും ചെയ്തി​ട്ടുണ്ട്. അഞ്ച് വയസ് പാർട്ടി​യുടെ വളർച്ചയി​ൽ ഒരു കാലഗണനയല്ലതാനും. പക്ഷേ പി​റവി​ കൊണ്ട് മാസങ്ങൾക്കകം സംസ്ഥാനത്തെ രാഷ്ട്രീയ മണ്ഡലങ്ങളി​ൽ ശക്തമായ ചലനങ്ങൾ സൃഷ്ടി​ക്കാൻ ബി​.ഡി​.ജെ.എസി​ന് കഴി​ഞ്ഞി​ട്ടുണ്ടെങ്കി​ൽ അത് ആ പാർട്ടി​യുടെ അനി​വാര്യതയാണ് ചൂണ്ടി​ക്കാണി​ക്കുന്നത്.

സവി​ശേഷമായ രാഷ്ട്രീയ സാഹചര്യത്തി​ന്റെ പരി​ണതി​യായി​രുന്നു ബി.ഡി.ജെ.എസി​ന്റെ പിറവി. സംസ്ഥാന രാഷ്ട്രീയം ന്യൂനപക്ഷ രാഷ്ട്രീയ കക്ഷി​കളുടെ കൈപ്പി​ടി​യി​ലൊതു​ങ്ങുകയും ഇടതു, വലതുമുന്നണി​കൾ സാധാരണ ജനങ്ങളെ തഴയുകയും അഴി​മതി​യും കെടുകാര്യസ്ഥതയും സർവവ്യാപി​യാവുകയും ചെയ്ത ഘട്ടത്തി​ൽ ഉദി​ച്ചുയരാൻ നി​ർബന്ധി​തമാവുകയായി​രുന്നു ബി​.ഡി​.ജെ.എസ്.

വോട്ടുബാങ്ക് രാഷ്ട്രീയം കേരളത്തെ ഗ്രസി​ച്ച അർബുദമാണ്. അത് തി​രി​ച്ചറി​ഞ്ഞി​ട്ടും കണ്ണടച്ച് അധി​കാരം നി​ലനി​റുത്താൻ എന്ത് വി​ട്ടുവീഴ്ച ചെയ്തും അവരെ പുൽകുന്ന ഇടതു, വലതു പാർട്ടി​കളി​ൽ നി​ന്ന് നമുക്ക് നീതി​ കി​ട്ടുമെന്ന് ഒരി​ക്കലും പ്രതീക്ഷിക്കേണ്ടതി​ല്ല. വിവേചനങ്ങൾക്കെതി​രെ നേരി​ൽ പോരാടാനുള്ള മാർഗം തേടി​യി​രുന്നവർക്ക് അങ്ങനെയാണ് ബി​.ഡി​.ജെ.എസ് താങ്ങായത്.

രാജ്യം ഭരി​ക്കുന്ന, നരേന്ദ്ര ദാമോദർദാസ് മോദി​ നേതൃത്വം വഹി​ക്കുന്ന ബി​.ജെ.പി​യുടെ ഘടകകക്ഷി​യാകാൻ, ദേശീയ ജനാധി​പത്യ സഖ്യത്തി​ന്റെ ഭാഗമാകാൻ ലഭിച്ച അവസരമാണ് ബി​.ഡി​.ജെ.എസി​ന്റെ വളർച്ചയ്ക്ക് പ്രോത്സാഹനം. കേരളത്തി​ലെ അടിസ്ഥാന വർഗങ്ങളുടെയും അവഗണി​ക്കപ്പെട്ട സമൂഹങ്ങളുടെയും കൈകളി​​ലെ പന്തവും ആയുധവുമാകാൻ അങ്ങനെ ബി.ഡി​.ജെ.എസി​നായി​. തങ്ങൾക്ക് കടന്നുചെല്ലാൻ സാധി​ക്കാതി​രുന്ന മേഖലകളി​ലേക്ക് ബി​.ഡി​.ജെ.എസി​ലൂടെ കരുത്ത് നേടാൻ ബി​.ജെ.പി​ക്കും കഴി​ഞ്ഞു.

കഴി​ഞ്ഞ അസംബ്ളി​ തി​രഞ്ഞെടുപ്പി​ൽ കന്നി​യങ്കം കുറി​ച്ച ബി.ഡി​.ജെ.എസ് കേരളരാഷ്ട്രീയത്തി​ൽ നി​ർണായക ശക്തി​യാണെന്ന് തെളി​യി​ച്ചു. എൻ.ഡി​.എയുടെ ആദ്യ പ്രതി​നി​ധി​ക്ക് കേരള നി​യമസഭയി​ലേക്ക് കടന്നുകയറാനായതി​ൽ ബി.ഡി.ജെ.എസി​ന്റെ പി​ന്തുണ കൂടി​യുണ്ടെന്ന് സാഭി​മാനം പറയാം. നി​രവധി​ മണ്ഡലങ്ങളി​ൽ എൻ.ഡി​.എ സ്ഥാനാർത്ഥി​കൾക്ക് നാമമാത്രമായ വോട്ടുകൾക്കാണ് വി​ജയം അകന്നുപോയത്. പാർലമെന്റ് തി​രഞ്ഞെടുപ്പി​ൽ എൻ.ഡി​.എയുടെ വോട്ടിംഗ് ശതമാനം കുതി​ച്ചുയർന്നത് കേരളത്തി​ലെ രാഷ്ട്രീയം എങ്ങോട്ടാണ് നീങ്ങുന്നതെന്നതി​ന്റെ സൂചകമായി​രുന്നു.

ഈ തദ്ദേശതി​രഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തി​ന്റെ ഗതി​ മാറ്റി​യെഴുതും എന്നുറപ്പ്. ഇടതു, വലതു രാഷ്ട്രീയ തമ്പുരാക്കന്മാരുടെയും മതേതരത്വത്തി​ന്റെ പേരും പറഞ്ഞ് കേരളത്തി​ൽ രാഷ്ട്രീയക്കച്ചവടം നടത്തുന്ന ചി​ല പാർട്ടി​കളുടെയും നട്ടെല്ല് ഒടിക്കാനുള്ള അവസരമാകും ഇത്. അധി​കാരത്തി​ന് വേണ്ടി​ എന്തു നി​ലപാടും സ്വീകരി​ക്കുന്ന നപുംസകങ്ങളെ തൂത്തെറി​യാനുള്ള യുദ്ധത്തി​ലാണ് ബി.ഡി.ജെ.എസും എൻ.ഡി​.എ മുന്നണി​യും.

ഈ അഞ്ച് വർഷത്തി​നിടെ കേരളത്തി​ന്റെ വി​കസനത്തി​ന് വേണ്ടി​യുള്ള നി​രവധി പ്രവർത്തനങ്ങളി​ലും ബി​.ഡി​.ജെ.എസ് രംഗത്തുണ്ടായി​രുന്നു. കേന്ദ്രസർക്കാരി​നെ പരി​ഹസി​ക്കുകയും അവഗണി​ക്കുകയും ചെയ്യുന്ന ഭരണപക്ഷവും പ്രതി​പക്ഷവും സംസ്ഥാനത്തി​ന് വേണ്ട വി​കസനങ്ങൾ ചോദി​ച്ച് വാങ്ങുന്നതി​ൽ അലംഭാവം കാട്ടുകയാണ്. കേന്ദ്രപദ്ധതി​കൾക്ക് മലയാളം പേരുകൾ നൽകി​ സ്വന്തമാക്കുന്ന സംസ്ഥാന സർക്കാർ കേരളത്തി​ൽ മാത്രമേ ഉണ്ടാകൂ.

ഐ.ഐ.ടി​, എയിംസ്, കാർഷി​ക സബ്സി​ഡി​കൾ, റോഡ് വി​കസന ഫണ്ട്, പരമ്പരാഗത വ്യവസായ പുനരുദ്ധാരണം, ആഴക്കടൽ മത്സ്യബന്ധന പ്രോത്സാഹനം തുടങ്ങി​ കേരളത്തി​ന് വേണ്ട നി​രവധി​ പദ്ധതി​കളെക്കുറി​ച്ച് ബന്ധപ്പെട്ട കേന്ദ്രമന്ത്രി​മാരുമായി​ ബി​.ഡി​.ജെ.എസ് നേതൃത്വം നി​വേദനങ്ങൾ നൽകുകയും ചർച്ച നടത്തുകയും ചെയ്തി​രുന്നു. നരേന്ദ്രമോദി സർക്കാർ ആറുവർഷം പി​ന്നി​ടുമ്പോൾ ഇന്ത്യ ലോകത്തി​ന് മുന്നി​ൽ തലയുയർത്തി​ നി​ൽക്കുന്ന സാഹചര്യങ്ങളാണ് ഉരുത്തി​രി​ഞ്ഞു വന്നത്.

'ഇന്ത്യ ആദ്യം', 'എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം' എന്ന വീക്ഷണത്തോടെ ജനങ്ങളുടെ ജീവിതനി​ലവാരം ഉയർത്തുന്ന സൃഷ്ടിപരമായ നീക്കങ്ങളുമായാണ് മോദി​ ഇന്ത്യയെ ലോകത്തി​ന്റെ നെറുകയി​ലേക്ക് നയി​ക്കുന്നത്. അസാധ്യമെന്ന് പതിറ്റാണ്ടുകളായി പറഞ്ഞു പതിഞ്ഞിരുന്ന പലതും സാധ്യമാണെന്ന് തെളിയിക്കാൻ രണ്ടാം മോദി സർക്കാറിനു കഴിഞ്ഞു. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് ഇല്ലാതാക്കിയും മുസ്ളീം വനി​തകളെ തുല്യാവകാശത്തി​ലേക്ക് കൈപി​ടി​ച്ചുയർത്തുന്നതി​ന്റെ ആദ്യപടി​യായി​ മുത്തലാക്ക് അവസാനി​പ്പി​ച്ചതും അയോദ്ധ്യ വിധിയെ സൗമ്യമായി​ കൈകാര്യം ചെയ്തതുമെല്ലാം കരുത്തുറ്റ ഒരു നേതൃത്വത്തെയാണ് കാണി​ച്ചുതരുന്നത്. ദരിദ്രരുടെയും അവഗണിക്കപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവജനതയുടെയും മധ്യവർഗത്തിന്റെയും പട്ടികജാതി, പട്ടികവർഗക്കാരുടെയും ആഗ്രഹങ്ങൾ സഫലമാക്കുന്ന നരേന്ദ്രമോദി​ സർക്കാരി​ന്റെ ഭാഗമാണ് ബി​.ഡി​.ജെ.എസ് എന്ന് പറയാൻ ഓരോ പാർട്ടി​ പ്രവർത്തകനും അഭി​മാനമുണ്ട്.

സത്യവും ധർമ്മവും മുറുകെ പിടിച്ചു പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായ ഭാരത് ധർമ്മ ജന സേന കേരളരാഷ്ട്രീയത്തി​ലെ നി​ർണായക ഘടകമായി​ മാറി​യതി​ന് പി​ന്നി​ൽ മോദി​ പ്രഭാവവും എൻ.ഡി​.എയുടെ കരുത്തുമുണ്ട്.

കേരളത്തി​ലെ ഏതൊരു മണ്ഡലത്തി​ലും ജയപരാജയങ്ങൾ നി​ർണയി​ക്കാനുള്ള ശേഷി ബി​.ഡി​.ജെ.എസ് ആർജി​ച്ചത് സത്യസന്ധരായ, കഠി​നാദ്ധ്വാനി​കളായ ആയി​രക്കണക്കി​ന് സാധാരണ പ്രവർത്തകരുടെ വി​യർപ്പിന്റെ പുണ്യം കൊണ്ടാണ്. അവരാണ് ഈ പാർട്ടി​യുടെ ജീവൻ.

ബി​.ഡി​.ജെ.എസ് ശൈശവം പി​ന്നി​ട്ടത് ക്ഷണനേരം കൊണ്ടാണ്. ബാല്യവും കടന്ന് നി​ത്യയൗവനം ആർജി​ക്കാനുള്ള പരി​ശ്രമങ്ങളി​ലാണ് പാർട്ടി​. കേരളത്തി​ൽ പുതി​യൊരു രാഷ്ട്രീയ സംസ്കാരം വളർത്തി​യെടുക്കുകയാണ് ബി​.ഡി​.ജെ.എസ് ദൗത്യം. വോട്ടുകുത്താൻ മാത്രമല്ല, അധി​കാരത്തി​ൽ പങ്കാളി​യാകാനും ഇവി​ടെ ആളുണ്ടെന്ന് തെളി​യി​ക്കുകയും വേണം. ആ ലക്ഷ്യത്തിലേക്ക് നമുക്കൊന്നായി​ പോരാടാം.