ട്രൂഡോയുടെ വിവാദ പ്രസ്‌താവന: കാനഡയ്‌ക്ക് മുന്നറിയിപ്പ് നല്കി ഇന്ത്യ

Saturday 05 December 2020 12:23 AM IST

ന്യൂഡൽഹി: കർഷക സമരത്തെ പിന്തുണച്ച് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ചില മന്ത്രിമാരും നടത്തിയ പ്രസ്‌താവനകളെ തുടർന്ന്, ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മിഷണർ നാദിർ പട്ടേലിനെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. കർഷക സമരത്തെ പിന്തുണച്ച പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രസ്‌താവന ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലായി കണക്കാക്കുന്നുവെന്നും അത്തരം നടപടികൾ ആവർത്തിച്ചാൽ ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി.

കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രസ്‌താവനയെ തുടർന്ന് അവിടുത്തെ ഇന്ത്യൻ എംബസിക്ക് മുന്നിൽ വൻ തോതിൽ പ്രതിഷേധങ്ങൾ നടന്നുവെന്നും ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എംബസി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കാനഡ നടപടി സ്വീകരിക്കണം. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കുന്നത് തടയാൻ നേതാക്കൾ വിവാദ പ്രസ്‌താവനകൾ ഒഴിവാക്കണമെന്ന് ധരിപ്പിച്ചതായും വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.

സിക്ക് വംശജർ ഏറെയുള്ള കാനഡയിൽ പഞ്ചാബിൽ നിന്നുള്ള സമരക്കാർക്ക് പിന്തുണ അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സംസാരിച്ചത്. സമാധാനപരമായ പ്രതിഷേധങ്ങളെ പിന്തുണയ്‌ക്കുന്നുവെന്നും കർഷകരുടെ അവസ്ഥയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.