തോറ്റാലും ജയിക്കാൻ

Saturday 05 December 2020 2:57 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ലെങ്കിൽ പാർട്ടി സ്ഥാനം വിട്ടൊഴിയാൻ ഒരു നേതാവ് തയ്യാറെടുത്തിരിക്കുകയാണത്രേ. വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന തലസ്ഥാനത്ത് മൂന്നാം സ്ഥാനത്തായാൽ അതിന്റെ ഉത്തരവാദിത്വഭാരം ഏറ്റെടുത്ത് സ്വയംശിക്ഷ എന്ന നിലയ്ക്ക് സ്ഥാനം ഒഴിയാനാണ് അദ്ദേഹത്തിന്റെ താത്പര്യമെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ഇങ്ങനെ സ്ഥാനം ഒഴിയുന്നതിന്റെ പിന്നിൽ കൃത്യമായ പ്ളാനും ഉണ്ടത്രേ. ഈ തിരഞ്ഞടുപ്പ് കഴിയുമ്പോൾ പാർട്ടി സ്ഥാനവും വച്ചുകൊണ്ടിരുന്നിട്ട് കാര്യമില്ല. ഇപ്പോൾ നൈസായി ഒഴിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥലത്ത് സ്ഥാനാർത്ഥിയാകാൻ കഴിയും. പാർട്ടിയിൽ ദേശീയനിരയിലുള്ള ഒരു നേതാവിന്റെ അടുപ്പക്കാരൻ കൂടിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ സീറ്റിനുവേണ്ടി അധികം പയറ്റേണ്ടിവരില്ല. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെ മുമ്പെങ്ങുമില്ലാത്തവിധം ആരോപണങ്ങളാണ് ഇത്തവണ ഉയർന്നത്. ഒരേ വാർഡിൽ പാർട്ടിയുടെ പേരിൽ രണ്ട് സ്ഥാനാർത്ഥികൾ പ്രത്യക്ഷപ്പെടുക, വിദേശത്തു നിന്നുമെത്തിയ വനിതയ്ക്കുവേണ്ടി വനിതാ സംഘടനയുടെ നേതാവിനെ വെട്ടിനിരത്തുക തുടങ്ങിയവയാണ് ആരോപണങ്ങൾ. ഈ പാർട്ടിയിലാണ് ഏറ്റവും കൂടുതൽ റിബലുകൾ രംഗത്തുള്ളതും. മറ്റൊരു ദേശീയ പാർട്ടിയിലെ നേതാവാകട്ടെ, തിരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിച്ച് വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളിലൊതുങ്ങുന്നതല്ല ഇദ്ദേഹത്തിന്റെ സ്വപ്‌നവും. മുമ്പ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച ചരിത്രമുള്ള മറ്രൊരു പാർട്ടിയിലെ ജില്ലാ നേതാവിനും നോട്ടം നിയമസഭാ തിരഞ്ഞെടുപ്പാണ്. പക്ഷേ...അങ്ങോട്ടുകേറി പറയില്ല. പാർട്ടി ആവശ്യപ്പെടണം !.