കണ്ണൂരിൽ പീഡന കേസിൽ മൊഴി നൽകാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറി; ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനെതിരെ പോക്‌സോ കേസ്

Saturday 05 December 2020 12:52 PM IST

കണ്ണൂർ: ചൈൽഡ് വെൽഫയർ കമ്മിറ്റി കണ്ണൂർ ജില്ലാ ചെയർമാൻ ഇ ഡി ജോസഫിന് എതിരെ പോക്‌സോ കേസ്. മൊഴി നൽകാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയതിനാണ് കേസ്. പെൺകുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ തലശേരി പൊലീസ് കേസെടുത്തു.

ഒക്‌ടോബർ 21നാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പീഡന കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ വിളിച്ച് വരുത്തി ഇ ഡി ജോസഫ് മൊഴിയെടുത്തിരുന്നു. മൊഴിയെടുക്കുന്നതിനിടെയ കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. മൊഴിയെടുക്കലിന് ശേഷം കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

പോക്‌സോ കേസിൽ ഇരയായ പെൺകുട്ടിയോട് തലശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിൽ വച്ചായിരുന്നു കമ്മിറ്റി ചെയർമാൻ മോശമായി പെരുമാറിയത്. പ്രതി പെൺകുട്ടിയുടെ ശരീരത്തിൽ മോശമായി സ്‌പർശിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. അതേസമയം, ആരോപണം ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനായ ഇ ഡി ജോസഫ് നിഷേധിച്ചു.