'ഇത് ഒരു നീണ്ട ജീവിതത്തിന്റെ പുതിയ തുടക്കമായിരിക്കട്ടെ'; ആത്മമിത്രത്തിന്റെ മകൾക്ക് ആശംസയുമായി മോഹൻലാൽ

Saturday 05 December 2020 2:33 PM IST

ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷയുടെ വിവാഹ നിശ്‌ചയത്തിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവച്ച് മോഹൻലാൽ. ഇരുവർക്കും ആശംസകൾ അറിയിച്ചാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകളായ ഡോ അനിഷയെ വിവാഹം കഴിക്കുന്നത് പെരുമ്പാവൂർ ചക്കിയത്ത് ഡോ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോ എമിൽ വിൻസന്റാണ്. പളളിയിൽ നടന്ന വിവാഹ നിശ്‌ചയ ചടങ്ങിലും അതിനു ശേഷം നടന്ന സൽക്കാരത്തിലും ആന്റണി പെരുമ്പാവൂരിന്റെ കുടുംബത്തിന് ഒപ്പം മോഹൻലാൽ പങ്കെടുത്തിരുന്നു.

'നിങ്ങളുടെ ഹൃദയത്തിന് ഉൾക്കൊളളാൻ ആവുന്നത്ര എല്ലാ സന്തോഷവും നിങ്ങൾ ഇരുവർക്കും നേരുന്നു. ഇത് ഒരു നീണ്ട ജീവിതത്തിന്റെ പുതിയ തുടക്കമായിരിക്കട്ടെ. നിങ്ങളുടെ വിവാഹനിശ്ചയത്തിന് ടൺ കണക്കിന് ആശംസകൾ.' എന്നാണ് താരം ഫേസ്‌ബുക്കിൽ കുറിച്ചത്.

മൂന്ന് പതിറ്റാണ്ട് മുമ്പ് മോഹൻലാലിന്റെ ഡ്രൈവറായി ഒപ്പം കൂടിയ ആന്റണി പിന്നീട് താരത്തിന്റെ ആത്മ മിത്രമാവുകയായിരുന്നു. ആശിർവാദ സിനിമാസിന്റെ നിർമ്മാണ ചുമതല ആന്റണി പെരുമ്പാവൂരാണ് നിർവഹിക്കുന്നത്.