കാഞ്ചനയുടെ കള്ളക്കണ്ണീർ

Sunday 06 December 2020 4:29 AM IST

വർഷം 1990 , ഉർവശിയ്ക്ക് തിരക്കോട് തിരക്ക്. ഒരു സെറ്റിൽ നിന്ന് മറ്റു സെറ്റുകളിലേക്ക് ഓടിനടന്ന് അഭിനയിക്കുന്ന കാലം. വർത്തമാനത്തിലെ അരുന്ധതി മേനോനും കുട്ടേട്ടനിലെ റോസ്‌മേരിയും തൂവൽസ്പർശത്തിലെ മായയുമായൊക്കെ വേഷപ്പകർച്ച നടത്തിയ വർഷം. വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഉർവശിയുടെ മുന്നിലേക്കാണ് ശ്രീനിവാസൻ സൃഷ്ടിച്ച കാഞ്ചന എന്ന കഥാപാത്രവുമായി സത്യൻ അന്തിക്കാട് എത്തുന്നത്. സിനിമയുടെ പേര് തന്നെ വ്യത്യസ്തം 'തലയണമന്ത്രം ''. നമുക്ക് ചുറ്റും കാണുന്ന കുശുമ്പും നുണയും കൊതിയുമൊക്കെയുള്ള തനി നാടൻ നായികാ വില്ലത്തി.അന്നുവരെ ഉണ്ടായ നായികാ സകൽപ്പങ്ങളെ പൊളിച്ചെഴുതിയ കാഞ്ചന മലയാള സിനിമയിലെ വിപ്ലവമായി . കാഞ്ചനയെ ആരും വെറുക്കില്ലെന്ന് ഉർവശിക്ക് ഉറപ്പുണ്ടായിരുന്നു. പൊന്മുട്ട ഇടുന്ന താറാവിലെ സ്‌നേഹലതയുമായി ചേർന്ന് നിൽക്കുന്ന തരത്തിലുള്ള കഥാപാത്രം. പലരും അന്ന് ഉർവശിയോട് പറഞ്ഞു '' ഇനിയും ഒരു നെഗറ്റീവ് ഷേഡ് ചെയ്യണ്ട. സിനിമ കരിയറിനെ ബാധിക്കും. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന് .'' ചെറുപ്പം മുതൽ സിനിമയുടെ സ്പന്ദനം അറിഞ്ഞു വളർന്ന ഉർവശിക്ക് ഇത്തരത്തിൽ വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയ്യാനായിരുന്നു ഇഷ്ടം. ഉർവശി എന്ന അഭിനയ പ്രതിഭ യുടെ മികവ് തെളിയിച്ച ചിത്രമായിരുന്നു സത്യൻ അന്തിക്കാടിന്റെ തലയണമന്ത്രത്തിലെ കാഞ്ചന. നാല് പതിറ്റാണ്ട് പിന്നിടുന്ന ഉർവശിയുടെ കരിയറിലെ പ്രിയപ്പെട്ട പത്തു കഥാപാത്രങ്ങൾ എടുക്കുമ്പോൾ മുൻപന്തിയിലാണ് കാഞ്ചന എന്ന വില്ലത്തി നായികയുടെ സ്ഥാനം.

ഭർത്താവ് സുകുവിനോട് കാഞ്ചന പറയുന്നുണ്ട് ''സുകുവേട്ടനെ ഞാൻ ആദ്യായിട്ട് കാണുമ്പോ ഞാൻ വിചാരിച്ചത് സിനിമേലുള്ള മമ്മൂട്ട്യാന്നാ...!'' വളരെ നിഷ്‌കളങ്കവും സ്വാഭാവികവുമായി കാഞ്ചന പറയുന്ന ഡയലോഗിന് സുകു വളരെ ഗൗരവമായി മറുപടി നല്കുന്നതും പ്രേക്ഷകനിൽ ചിരി ഉണർത്തുന്നു.കാര്യം സാധിക്കാൻ കള്ളക്കണ്ണീർ പൊഴിക്കാനും കാഞ്ചന മടിച്ചിരുന്നില്ല.