ലുക്ക് ഔട്ടിലും കുടുങ്ങാതെ ആസിഡ് കേസ് പ്രതി

Sunday 06 December 2020 4:50 AM IST

കൊല്ലം: ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടും ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. വാളത്തുംഗൽ സഹൃദയ ക്ലബിന് സമീപം മംഗാരത്ത്‌ കിഴക്കതിൽ രജി (36), മകൾ ആദിത്യ (14) എന്നിവരെ ആസിഡൊഴിച്ച് കൊല്ലാൻ ശ്രമിച്ച രജിയുടെ ഭർത്താവ് വാളത്തുംഗൽ ഇല്ലംനഗർ 161 മങ്ങാരത്ത് കിഴക്കതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജയനാണ് (36) രണ്ട് ദിവസമായി പൊലീസിനെ പറ്റിച്ച് കഴിയുന്നത്.

കൊല്ലം നഗരപരിധിയിൽ പത്ത് കിലോമീറ്ററിനുള്ളിൽ പ്രതി ഉള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഫോൺ ഉപയോഗിക്കാത്തതിനാൽ ലൊക്കേഷൻ കണ്ടെത്താനായിട്ടില്ല. നാൽപ്പത് ശതമാനം പൊള്ളലേറ്റ രജി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊള്ളൽ ഗുരുതരമായതിനാൽ രജിയിൽ നിന്ന് മജിസ്ട്രേറ്റ് ഇന്നലെ മൊഴി രേഖപ്പെടുത്തി. ചൊവ്വാഴ്ച രാത്രി 10 ഓടെയായിരുന്നു സംഭവം. സി.ഐയുടെ കീഴിൽ മൂന്ന്‌ പ്രത്യേക അന്വേഷക സംഘം രൂപീകരിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്.