മാലമോഷ്ടിച്ച് കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാക്കൾ കുടുങ്ങി

Sunday 06 December 2020 5:23 AM IST

കൊല്ലം: ബൈക്കിലെത്തി മാല മോഷ്ടിച്ച് കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട സ്വദേശികളായ മുതുപിലാക്കാട്‌ കാർത്തിക വീട്ടിൽ ആദിത്യൻ (19), കരിങ്ങോട്ടുവ രാജു നിവാസിൽ രാഹുൽരാജ്‌ (19)എന്നിവരാണ്‌ അറസ്റ്റിലായത്‌. ബുധനാഴ്‌ച ദേശീയപാത ഇടപ്പള്ളിക്കോട്ട പോരൂക്കരയിലായിരുന്നു സംഭവം. നടന്നുപോകുകയായിരുന്ന ചവറ കുളങ്ങര ഭാഗം പുലത്തറയിൽ ശശിപ്രഭയുടെ മാല പൊട്ടിച്ച്‌ അമിതവേഗത്തിൽ ബൈക്കിൽപ്പോയ യുവാക്കൾ പോരൂക്കരയ്‌ക്ക് സമീപം അപകടത്തിൽപ്പെട്ടു.നാട്ടുകാർ ഓടിക്കൂടി ഇവരെ സഹായിക്കുന്നതിനിടെ മാല നഷ്ടപ്പെട്ട ശശിപ്രഭയെത്തി ഇവരെ തിരിച്ചറിയുകയായിരുന്നു. പരിശോധനയിൽ ഇവരിൽനിന്ന്‌ നാട്ടുകാർ മാല കണ്ടെത്തിയതോടെ ഇരുവരെയും പൊലീസിന് കൈമാറി. ചവറ പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇരുവരെയും അറസ്റ്റ് ചെയ്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.