നായകൻ പിണറായി തന്നെ: എ. വിജയരാഘവൻ

Sunday 06 December 2020 12:13 AM IST

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രചാരണത്തിന് നായകത്വം വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. ആൾക്കൂട്ടം ഒഴിവാക്കാനാണ് മുഖ്യമന്ത്രിയെ ഉൾപ്പെടുത്തി പൊതുപരിപാടി സംഘടിപ്പിക്കാത്തത്. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തുകയാണ് ബി.ജെ.പി. ബി.ജെ.പി നിലപാടുകളുടെ പിന്തുണക്കാരായി യു.ഡി.എഫ് മാറുന്നു. വെൽഫെയർ പാർട്ടിയുമായി പലയിടത്തും സഖ്യമുണ്ടാക്കിയ അവസരവാദ നിലപാട് കോൺഗ്രസിനെ ഇല്ലാതാക്കും. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനങ്ങൾ സമൂഹവും ജനങ്ങളും വിലയിരുത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കുന്നില്ലെന്നതു തെറ്റായ ആരോപണമാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സത്യം പുറത്തുവരട്ടെ എന്നാണ് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, പ്രസ് ക്ലബ് സെക്രട്ടറി പി. ശശികാന്ത്, ട്രഷറർ സിജോ പൈനാടത്ത് എന്നിവർ പ്രസംഗിച്ചു.