ഗോൾവാൾക്കറുടെ പേര് കാമ്പസിന് നാണക്കേട്: ലീഗ്
Sunday 06 December 2020 12:21 AM IST
കോഴിക്കോട്: തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ രണ്ടാമത് കാമ്പസിന് ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ബി.ജെ.പി തന്ത്രത്തിന്റെ ഭാഗമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ഈ നീക്കം ചെറുത്തു തോല്പിക്കാൻ കേരളത്തിലെ മതേതര വിശ്വാസികൾ രംഗത്തിറങ്ങണം. ശാസ്ത്ര, സാങ്കേതിക മേഖലകളിൽ രാജ്യത്തെ ഉന്നതിയിലേക്ക് നയിച്ച രാജീവ് ഗാന്ധിയുടെ പേര് നിലനിൽക്കെ ശാസ്ത്രവുമായി പുലബന്ധമില്ലാത്ത ആർ.എസ്.എസ് നേതാവിന്റെ പേര് ബയോടെക്‌നോളജി കാമ്പസിന് നൽകുന്നത് കേരളത്തിന് അപമാനമാണ്. ഇന്ത്യയെ വർഗീയമായി വിഭജിക്കുന്നതിൽ ആർ.എസ്.എസിനോളം പങ്കുവഹിച്ച മറ്റൊരു സംഘടനയില്ല. ഉത്തരേന്ത്യയിൽ പരീക്ഷിച്ചു വിജയിച്ച തന്ത്രം കേരളത്തിലേക്ക് കെട്ടിയിറക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.