സ്വപ്നയുടെ നിയമനത്തിൽ ഉന്നതതല ഗൂഢാലോചന

Sunday 06 December 2020 12:00 AM IST

തിരുവനന്തപുരം: ഐ.ടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാർക്കിൽ സ്വപ്നയെ നിയമിച്ചതിൽ അടിമുടി ക്രമക്കേടും ഉന്നതതല ഗൂഢാലോചനയുമുണ്ടെന്ന് കന്റോൺമെന്റ് പൊലീസ്. കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫോമാ​റ്റിക് സർവീസ് സെന്ററിനെ സർട്ടിഫിക്ക​റ്റ് പരിശോധനയിൽ നിന്ന് ഒഴിവാക്കിയതിലടക്കം ദുരൂഹതയുണ്ട്. സ്വപ്ന ഹാജരാക്കിയ വ്യാജ സർട്ടിഫിക്ക​റ്റ് നശിപ്പിച്ചതായും സംശയിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാൻ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യും.

സ്വപ്നയെ നിയമിക്കാൻ സ്‌പേസ് പാർക്കിൽ ഓപ്പറേഷൻ മാനേജരെന്ന തസ്തിക സൃഷ്ടിക്കുകയായിരുന്നു. നാഷണൽ ഇൻഫോമാ​റ്റിക് സർവീസ് സെന്ററാണ് ഇത്തരം ഉന്നത തസ്തികകളിലേക്കുള്ള നിയമനത്തിന് സർട്ടിഫിക്ക​റ്റ് പരിശോധന നടത്തേണ്ടത്. സർവീസ് സെന്ററിന്റെ മാനദണ്ഡപ്രകാരം, ഓപ്പറേഷൻ മാനേജർ തസ്തികയിലേക്ക് എം.ബി.എ വേണം. എന്നാൽ വ്യാജ സർട്ടിഫിക്ക​റ്റ് മാത്രമുള്ള സ്വപ്നയെ നിയമിക്കാനായി മ​റ്റൊരു സ്ഥാപനത്തെ ചുമതലയേൽപ്പിച്ചു. ഗുഡ്ഗാവിലെ നോവി എന്ന സ്ഥാപനമാണ് സ്വപ്നയുടെ സർട്ടിഫിക്ക​റ്റ് പരിശോധിച്ചത്. മൂന്ന് കമ്പനികൾ പരിശോധിച്ചിട്ടും സ്വപ്നയുടേത് വ്യാജ ബിരുദമാണെന്ന് കണ്ടെത്താത്തതാണ് ഗൂഢാലോചനയാണെന്ന സംശയമുണ്ടാക്കുന്നത്.

സ്വപ്നയെ നിയമിക്കാനുള്ള ശുപാർശ എത്തിയത് സർക്കാരിൽ നിന്നു തന്നെയാണെന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. കെ.എസ്‌.ഐ.ടി.ഐ.എൽ (കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) ചെയർമാൻ കൂടിയായിരുന്ന എം.ശിവശങ്കറിന്റെ ശുപാർശ പ്രകാരമാണ് സ്വപ്നയെ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറിതല സമിതിയും കണ്ടെത്തിയിരുന്നു. കെ.എസ്‌.ഐ.ടി.ഐ.എൽ എം.ഡി ജയശങ്കർ പ്രസാദിന്റെ പരാതിയിലാണ് സ്വപ്നയുടെ നിയമനത്തിൽ പൊലീസ് കേസെടുത്തത്. അന്വേഷണം മുറുകിയാൽ വാദി പ്രതിയാവുമെന്ന സ്ഥിതിയാണ്.