രാജീവ്ഗാന്ധി സെന്റർ കാമ്പസ്: ഗോൾവാൾക്കറുടെ പേരിടുന്നതിൽ കടുത്ത എതിർപ്പുമായി കേരളം
തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർ.ജി.സി.ബി) ആക്കുളത്ത് ആരംഭിക്കുന്ന രണ്ടാം കാമ്പസിന് ആർ.എസ്.എസ് നേതാവായിരുന്ന എം.എസ്. ഗോൾവാൾക്കറുടെ പേര് നൽകാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മുഖ്യമന്ത്രിയും എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തി. രൂക്ഷമായ വിമർശനമാണ് നേതാക്കൾ നടത്തിയത്.
ഈ നീക്കം ഉപേക്ഷിക്കണമെന്നും അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച ഏതെങ്കിലും ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരു നൽകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധന് കത്തയച്ചു.
ഗവേഷണ, വികസന മേഖലകളിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി, സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്ന സ്ഥാപനത്തെ കേന്ദ്രത്തിന് കൈമാറുകയാണുണ്ടായതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം. എസ് ഗോൾവാൾകർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് ശശി തരൂർ എം.പി ചോദിച്ചു.
രാജീവ് ഗാന്ധിയുടെ
പേരിടണം: ചെന്നിത്തല
ശാസ്ത്ര സാങ്കേതിക മേഖലയിൽ രാജ്യം നേടിയ പുരോഗതിക്ക് ഊടും പാവും നൽകുകയും ആധുനിക ഇന്ത്യക്ക് അടിത്തറയിടുകയും ചെയ്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണ നിലനിറുത്തുന്ന കാമ്പസിന് ആർ.എസ്.എസ് നേതാവിന്റെ പേര് നൽകുന്നതിനോട് യോജിക്കാനാവില്ലെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഈ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേര് നൽകണം.
കലാപത്തിനുള്ള നീക്കം: സി. ദിവാകരൻ
നമുക്ക് മതമില്ല, ജാതിയില്ല എന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുവിന്റെ നാട്ടിൽ തീവ്ര ഹിന്ദു മതവികാരം ഇളക്കി വിട്ട് കലാപങ്ങൾ സൃഷ്ടിക്കാനുള്ള ഹീനശ്രമത്തിന്റെ ഭാഗമാണ് സ്ഥാപനത്തിന് ഗോൾവാൾക്കറുടെ പേരിടുന്നതെന്ന് മുൻമന്ത്രിയും സി.പി.ഐ നേതാവുമായ സി. ദിവാകരൻ എം.എൽ.എ ആരോപിച്ചു.
മതസൗഹാർദ്ദത്തിന് വെല്ലുവിളി: സുധീരൻ
ജനസമൂഹത്തെ ആർ.എസ്.എസ് ആശയങ്ങളിലൂടെ ഭിന്നിപ്പിക്കാൻ ശ്രമിച്ച വ്യക്തിയുടെ പേര് നൽകുക വഴി രാജ്യത്തിന്റെ അഭിമാനമായ ഒരു സ്ഥാപനത്തെയും ജനങ്ങളെയും അപമാനിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു. മതസൗഹാർദ്ദത്തിന് നേരെയുള്ള വെല്ലുവിളി കൂടിയാണിത്. ഈ നടപടി റദ്ദാക്കണം
വർഗീയ വിഭജനത്തിന് നീക്കം: എം.എ. ബേബി
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് ആർ.എസ്.എസ് മേധാവി ആയിരുന്ന മാധവ സദാശിവ് ഗോൾവാർക്കറുടെ പേര് നല്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി പ്രസ്താവിച്ചു.
കേരള സമൂഹത്തിൽ ഇതിന്റെ പേരിൽ വർഗീയ വിഭജനമുണ്ടാക്കി നേട്ടം കൊയ്യാനുള്ള ആർ.എസ്.എസിന്റെ കുത്സിത നീക്കമാണിതിന് പിന്നിൽ. ഇന്ത്യയിൽ വർഗീയ വിദ്വേഷം പടർത്താൻ നേതൃത്വം കൊടുത്തയാളാണ് ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ഈ ആർ.എസ്.എസ് മേധാവി.