പരിവർത്തനം വന്ന കൊവിഡ് വ്യാപനം; യു കെ - ഇന്ത്യ വിമാന സർവീസ് വിലക്ക് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി

Wednesday 30 December 2020 12:55 PM IST

ന്യൂഡൽഹി: പരിവർത്തനം വന്ന കൊവിഡ് രോഗം അതിവേഗം പടരുന്ന ബ്രിട്ടണിലേക്കും തിരിച്ചുമുള‌ള വിമാന സർവീസുകളുടെ വിലക്ക് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഡിസംബർ 22 മുതൽ 31 വരെയായിരുന്ന താൽക്കാലിക നിരോധനം ഇതോടെ അടുത്തവർഷം ജനുവരി 7 വരെയായെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുകയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്‌ത ജനിതക മാറ്രം സംഭവിച്ച കൊവിഡ് രോഗം ഇതുവരെ ഇന്ത്യയിൽ 20 പേർക്കാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം എത്തിയ 14 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണിത്.ബ്രിട്ടണ് പുറമേ ദക്ഷിണാഫ്രിക്കയിലും ‌മാ‌റ്റം സംഭവിച്ച കൊവിഡ് വൈറസിനെ ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നു. അതിവേഗം പടരുമെന്നല്ലാതെ കൊവിഡിന്റെ മറ്റ് ലക്ഷണങ്ങളിലൊന്നും പരിവർത്തനം വന്ന വൈറസിന് മാ‌റ്റമില്ല. വകഭേദം വന്ന വൈറസ് നിലവിൽ ഓസ്‌ട്രേലിയ,ഇറ്റലി, സ്വീഡൻ, ഇന്ത്യ, ഡെന്മാർക്ക്, നെതർലാന്റ്സ്, സ്‌പെയിൻ. ഫ്രാൻസ്, ജപ്പാൻ, ലെബനൻ,സിംഗപ്പൂർ, യു.എ.ഇ, ജപ്പാൻ എന്നീ രാജ്യങ്ങളിലാണ് കണ്ടെത്തിയിട്ടുള‌ളത്.