25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള നാലിടങ്ങളിലായി ഫെബ്രുവരി പത്ത് മുതൽ, ഡെലിഗേറ്റുകൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം
തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കപ്പെട്ട 25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള അടുത്തമാസം പത്ത് മുതൽ നടത്താൻ തീരുമാനം. പതിവിൽ നിന്നും വ്യത്യസ്തമായി ഇക്കുറി സംസ്ഥാനത്തിലെ നാല് ജില്ലകൾ ചലച്ചിത്രമേളയ്ക്ക് വേദിയാവും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് വേദികൾ. ഓരോ നഗരത്തിലും അഞ്ചു തീയറ്ററുകളിൽ അഞ്ചു ദിവസം വീതം പ്രദർശനമുണ്ടാവും. ഈ വർഷം ഡെലിഗേറ്റുകൾക്കുള്ള ഫീസ് 750 ആയി കുറച്ചിട്ടുണ്ട്, കഴിഞ്ഞ വർഷമിത് 2000 രൂപയായിരുന്നു. ചലച്ചിത്രമേളയ്‌ക്കെത്തുന്ന ഡെലിഗേറ്റുകൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം.
തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതൽ 14 വരെയും എറണാകുളത്ത് 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും തലശ്ശേരിയിൽ മാർച്ച് ഒന്നു മുതൽ അഞ്ചു വരെയുമായിരിക്കും മേള.ഇരുന്നൂറു പേർക്കു മാത്രമാണ് തിയേറ്ററിൽ പ്രവേശനമുണ്ടാവുക. രജിസ്‌ട്രേഷൻ അതതു മേഖലകളിൽ നടത്തണം.
മുൻ വർഷങ്ങളിൽ ഡിസംബർ മാസം ആദ്യമായിരുന്നു തലസ്ഥാനം ചലച്ചിത്രമേളയ്ക്ക് വേദിയായിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഫെസ്റ്റിവൽ കിളികൾ ചേക്കേറുന്ന കാഴ്ച തലസ്ഥാനത്തിന് എന്നും മധുരതരമായിരുന്നു.