കാലം കാത്തുവച്ച നോവലുമായി ഡോ വട്ടവിള വിജയകുമാർ

Tuesday 05 January 2021 2:15 PM IST

മലയാളത്തിനായി കാലം കാത്തുവച്ചൊരു നോവലുമായാണ് ഡോ വട്ടവിള വിജയകുമാർ ഇത്തവണ മലയാളിക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ഒരു മലയോരഗ്രാമത്തിന്റെ മനോഹര പ്രകൃതിയും നഗരത്തിലെ പ്രശസ്‌തമായ ആർ‌ട്‌സ് ആന്റ് സയൻസ് കോളേജും പശ്‌ചാത്തലമാകുന്ന ജീവിതഗന്ധിയായ നോവലാണ് കാലം കാത്തുവച്ചത്. ഡോ.ഗോപികുട്ടൻ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ വായനക്കാരന്റെ മനസിൽ പുത്തൻ അനുഭവങ്ങൾ ചാർത്തികൊടുക്കുകയാണ് എഴുത്തുകാരൻ.

മലയാളത്തിലെ അതിപ്രശ‌സ്‌തമായ ഒരു പത്രവാർത്തയെ ആധാരമാക്കിയാണ് രചയിതാവ് നോവൽ എഴുതിയിരിക്കുന്നത്. തലസ്ഥാന നഗരത്തിൽ തലയുയർത്തി നിൽക്കുന്ന മഹാത്മഗാന്ധി കോളേജാണ് കഥ പറച്ചിലിന്റെ പ്രധാന പശ്‌ചാത്തലം. ഗോപിക്കുട്ടൻ എന്ന കഥാനായകന്റെ ജീവിതം പറയുകവഴി ഒരു കഥ പറച്ചിൽ എന്നതിനപ്പുറം സമൂഹത്തോട് സംസാരിക്കുകയാണ് രചയിതാവ് ചെയ്യുന്നത്. കോളേജ് ജീവിതത്തിലെ ദൗർഭാഗ്യകരമായ സംഭവങ്ങളും ഡോക്‌ടർ ഗോപിയുടെ പിന്നീടുളള ജീവിതവും മനോഹരമായാണ് നോവലിൽ പ്രതിപാദിച്ചിരിക്കുന്നത്.

അനാവശ്യമായി ഒരു കഥാപാത്രത്തെ പോലും നോവലിൽ കൊണ്ടുവരാതിരിക്കാൻ വിജയകുമാർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പരമ്പരാഗതമായുളള കഥപറച്ചിലിന്റെ ചട്ടക്കൂടിൽ നിന്ന് ഒട്ടും മുഷിയാതെ കഥ വിവരിക്കാൻ എഴുത്തുകാരന് ആദ്യാവസാനം സാധിച്ചു. ഒരു യുവാവിന്റെ ജീവിതം കേരളീയ പശ്‌ചാതലത്തിൽ രചിച്ചിട്ടുളള ഇത്രയും മികച്ചൊരു നോവൽ ഈ അടുത്തകാലത്തൊന്നും മലയാളത്തിൽ പുറത്തിറങ്ങിയിട്ടില്ല.

നാടകീയത ലവലേശമില്ലാത്ത ജീവിത യാഥാർത്ഥ്യത്തിൽ നിന്ന് കഥ പറയുന്ന വായനാനുഭവമാണ് കാലം കാത്തുവച്ചത് എന്ന നോവൽ. മരണത്തിനും ജീവിതത്തിനും ഇടയിലെ നിശബ്‌ദ ലോകവും അതിനുമുമ്പുളള സന്തോഷവും ദു:ഖവും നിറഞ്ഞ ലോകവും കൃത്യമായി വരച്ചു കാട്ടി തരാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. വ്യക്തിജീവിതം, സമൂഹം, വൈദ്യശാസ്‌ത്രം തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലൂടെ നോവൽ കടന്നുപോകുന്നുണ്ട്.

കഥ പറഞ്ഞുപോകുന്നിടത്തെല്ലാം അതിന്റെ നന്മയും തിന്മയും വായനക്കാരന് കാട്ടി കൊടുക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ഗോപിക്കുട്ടന്റെ ജീവിതാനുഭവങ്ങളുടെ കുത്തൊഴുക്കിലേക്ക് മലയാളിയെ കൂട്ടി കൊണ്ടുപോകുന്ന നോവലിൽ അവനവനെ കാണാൻ മലയാളിക്ക് സാധിക്കും. കാരണം ഈ നോവൽ സമൂഹത്തിന്റെ പ്രതിബിംബമാണ്. ശക്തമായ ഈ നോവൽ മലയാളിയുടെ വായനാ അനുഭവത്തിലെ പുത്തൻ ഏടാകും.

 രചയിതാവിന്റെ ഫോൺ നമ്പർ 9447342497