'ഡെൻമാർക്കിൽ എന്തൊക്കെയോ ചീഞ്ഞ് നാറുന്നു'; സെക്രട്ടറിയെ സംരക്ഷിക്കാൻ നിയമസഭയെ സ്‌പീക്കർ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷം

Thursday 07 January 2021 10:58 AM IST

തിരുവനന്തപുരം: നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയതിനെതിരെ പ്രതിപക്ഷം രംഗത്ത്. സ്‌പീക്കറുടെ അസി‌സ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്‌പീക്കറുടെ മുൻകൂർ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്തയച്ചത്. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയിട്ടുളളത്.

'തന്റെ പി എയെ സംരക്ഷിക്കുന്നതിനോ നിയമനടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനോ, നിയമനിർമ്മാണ സഭയ്‌ക്ക് സംരക്ഷണം നൽകുന്ന വിശേഷാധികാരം സ്‌പീക്കർ ദുരുപയോഗം ചെയ്യുന്നത് നിർഭാഗ്യകരമാണ്. ഇത് നിയമസഭയുടെ പദവിയേയും അന്തസിനേയും ഇടിച്ചുതാഴ്‌ത്തുകയാണ്. ഡെൻമാർക്കിൽ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുവെന്നും കെ സി ജോസഫ് ട്വിറ്ററിൽ കുറിച്ചു.

അതേസമയം, ലെജിസ്‌ളേറ്റീവ് അസംബ്ലി റൂൾസ് ചൂണ്ടിക്കാട്ടിയാണ് തന്റെ കത്തെന്നാണ് നിയമസഭാ സെക്രട്ടറിയുടെ വാദം. ഇതുപ്രകാരം സ്‌പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ വിളിപ്പിക്കണമെങ്കിൽ കസ്റ്റംസ്, സ്‌പീക്കറുടെ മുൻകൂർ അനുമതിവാങ്ങണം. എന്നാൽ നിയമസഭാ സ്‌പീക്കർക്ക് ഭരണഘടനാപദവിയനുസരിച്ചുളള പ്രത്യേക നിയമപരിരക്ഷ ലഭിക്കുമെങ്കിലും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിന് ഈ പരിരക്ഷ അവകാശപ്പെടാനാകില്ല എന്ന നിലപാടിലാണ് കസ്റ്റംസ്. ഇതുസംബന്ധിച്ച് കസ്റ്റംസിന് ലഭിച്ച പ്രാഥമിക നിയമോപദേശവും ഇത്തരത്തിലാണ്.

സ്‌പീക്കറിൽ നിന്ന് ഒരു കേസിൽ മൊഴിയെടുക്കണമെങ്കിൽ നിയമസഭ കൂടുന്നതിന് ഒരുമാസം മുമ്പും നിയമസഭ ചേർന്ന് ഒരുമാസത്തിനുശേഷവും മാത്രമേ നോട്ടീസ് നൽകാവൂ എന്നാണ് അസംബ്ലി റൂൾസിലുളളത്. ഇത് സ്പീക്കറുടെ സ്റ്റാഫിനും ബാധകമാണെന്നാണ് നിയമസഭാ സെക്രട്ടറി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു നിയമപ്രശ്‌നം മുമ്പ് വന്നിട്ടില്ലാത്തതിനാൽ കോടതിനടപടികളിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാനാകൂ എന്ന് നിയമവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.