ഹൈക്കോടതി വിധി സർക്കാരിന്റെ മുഖത്തേറ്റ അടി: ചെന്നിത്തല

Friday 08 January 2021 12:26 AM IST

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞത് സർക്കാരിന്റെ മുഖത്തേറ്റ വലിയൊരടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നിയമനാധികാരം പി.എസ്.സിക്ക് മാത്രമാണെന്ന ഹൈക്കോടതിയുടെ പരാമർശത്തോടെ എൽ.ഡി.എഫ് സർക്കാർ നടത്തിയ എല്ലാ അനധികൃത നിയമനങ്ങളും റദ്ദാക്കപ്പെടേണ്ടതാണ്.
ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുതൽ പി.എസ്.സിയെ നോക്കുകുത്തിയാക്കി നൂറുകണക്കിന് അനധികൃത കരാർനിയമനങ്ങളാണ് നടത്തിയത്. അത്തരക്കാരെയെല്ലാം ഭരണത്തിന്റെ അവസാനകാലത്ത് സ്ഥിരപ്പെടുത്താനുള്ള നീക്കം പി.എസ്.സി റാങ്ക്പട്ടികയിലുൾപ്പെട്ട ലക്ഷക്കണക്കിന് ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണ്.
പി .എസ്.സിയെന്ന ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസിനെയും അധികാരത്തെയും ഇല്ലാതാക്കി രാജഭരണ കാലത്തെന്ന പോലെ ഇഷ്ടമുള്ളവരെയൊക്കെ സർക്കാർ ജോലിയിൽ നിയമിക്കുന്ന നടപടിയാണ് പിണറായി സർക്കാറിന്റേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.