'മോഹൻലാൽ എങ്ങനെ മോഹൻലാൽ ആയി എന്ന് ഇപ്പോൾ മനസിലായി'; താര രാജാവിനൊപ്പമുള്ള അനുഭവം പങ്കുവച്ച് യുവനടി

Friday 08 January 2021 9:47 PM IST

മലയാളത്തിന്റെ താരരാജാവായ മോഹൻലാലിന്റെ ഒപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ച് യുവനടി ദുർഗ കൃഷ്ണ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' എന്ന ചിത്രത്തിൽ നടന്റെ കഥാപാത്രത്തിന്റെ അനിയത്തിയായിട്ടാണ് ദുർഗ കൃഷ്ണ അഭിനയിച്ചത്. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് സ്വപ്നതുല്യമായ കാര്യമായിരുന്നുവെന്നും അത് തനിക്ക് വളരെയേറെ സന്തോഷം നൽകിയെന്നും ദുർഗ ഒരു മലയാള സ്വകാര്യ വാർത്താ ചാനലിനോടാണ് പറഞ്ഞത്. മോഹൻലാൽ എങ്ങനെ മോഹൻലാലായി എന്ന് തനിക്ക് ഇപ്പോഴാണ് മനസിലായതെന്നും വലിപ്പച്ചെറുപ്പങ്ങൾ നോക്കാതെ എല്ലാവരോടും ഒരേ മനസോടെ പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ദുർഗ കൃഷ്ണ പറഞ്ഞു.

'അതിപ്പോൾ ലൈറ്റ് പിടിക്കുന്ന ചേട്ടനോട് പോലും അദ്ദേഹം ആ രീതിയിൽ തന്നെയാണ് പെരുമാറുക. അഭിനയത്തില്‍ വളരെ സൂക്ഷ്മമായി നിരീക്ഷണം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു നടനെന്ന നിലയ്ക്കും വ്യക്തിയെന്ന നിലയ്ക്കും അദ്ദേഹത്തില്‍ നിന്ന ഒരുപാട് പഠിക്കാനുണ്ട്. കഴിഞ്ഞ വര്‍ഷം ലാലേട്ടനൊപ്പം റാം എന്ന ചിത്രം ചെയ്യാന്‍ സാധിച്ചു. അത് തീര്‍ത്തും സ്വപ്നതുല്യമായ കാര്യമായിരുന്നു. അതും ലാലേട്ടന്റെ അനിയത്തി ആയിട്ട്. വളരെ സന്തോഷം തോന്നുന്ന കാര്യമാണ്.'-നടി പറയുന്നു.

സിനിമാ മേഖലയിൽ നിന്നും മാറ്റി നിർത്തപ്പെട്ടതായി തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നും ചെറുതും വലുതും എന്ന രീതിയിൽ താൻ സിനിമകളെ നോക്കികാണാറില്ലെന്നും ദുർഗ കൃഷ്ണ പറയുന്നു. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾക്കാണ് താൻ മുൻഗണന നൽകുന്നത്. അതിനാലാണ് ഗ്യാപ്പ് വന്നതായി തോന്നുന്നെതെന്നും നടി വ്യക്തമാക്കി. 'കുടുക്ക് 2025' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് നടി നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'കിംഗ് ഫിഷ്' ആണ് നടിയുടെ ഉടൻ പുറത്തിറങ്ങുന്ന ചിത്രം. നടൻ അനൂപ് മേനോൻ ആണ് 'കിംഗ് ഫിഷ്' സംവിധാനം ചെയ്യുന്നത്.