വെള്ളം കുടിക്കാതെ 2.11 മണിക്കൂർ പ്രസംഗിച്ച് ഗവർണർ

Saturday 09 January 2021 12:00 AM IST

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാനത്തെ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിലെത്തിയത് തനി കേരളീയ വേഷത്തിൽ. കസവ് മുണ്ടും ഷർട്ടും ധരിച്ചെത്തിയ അദ്ദേഹം രണ്ട് മണിക്കൂറും 11 മിനിറ്റും 16 സെക്കൻഡും നീണ്ട പ്രസംഗം അവസാനിപ്പിക്കുന്നത് വരെയും വെള്ളം കുടിച്ചില്ല.

ഇടയ്ക്ക് വെള്ളത്തിന്റെ കാര്യം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഓർമ്മിപ്പിച്ചെങ്കിലും, സ്നേഹപൂർവം നന്ദി അറിയിച്ച് ഗവർണർ പ്രസംഗം തുടർന്നു. സാവധാനത്തിൽ തുടങ്ങിയ പ്രസംഗം ഏതാണ്ട് ഒന്നേമുക്കാൽ മണിക്കൂർ എത്തിയപ്പോൾ പ്രധാന പദ്ധതികളുടെ ആദ്യ ഖണ്ഡികകൾ മാത്രം വായിച്ച് വിടാൻ സ്പീക്കറുടെ അനുമതിയോടെ അദ്ദേഹം തയ്യാറായി.

പ്രസംഗം പൂർത്തിയാക്കി ഇരിപ്പിടത്തിൽ ഇരുന്ന ശേഷമാണ് വെള്ളം കുടിച്ചത്.

സഭാചരിത്രത്തിലെ ഗവർണറുടെ റെക്കാഡ് പ്രസംഗം ജസ്റ്റിസ് സദാശിവത്തിന്റേതാണ്. 2016 ഫെബ്രുവരിയിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ അവസാന നയപ്രഖ്യാപനം അദ്ദേഹം പൂർത്തിയാക്കിയത് 2.34 മണിക്കൂർ എടുത്താണ്.