ഇന്തോനേഷ്യയിൽ 56 യാത്രക്കാരുമായി വിമാനം കാണാതായി; പതിനായിരം അടി ഉയരത്തിൽ വച്ച് ബന്ധം നഷ്‌ടപ്പെട്ടെന്ന് അധികൃതർ
Saturday 09 January 2021 6:46 PM IST
ന്യൂഡൽഹി:ഇന്തോനേഷ്യയിൽ പാസഞ്ചർ വിമാനം കാണാതായി. ജക്കാർത്തയിൽ നിന്നും പോണ്ടിയാനയിലേക്ക് പുറപ്പെട്ട ശ്രീവിജയ എയർലെെൻസിന്റെ എസ്.ജെ 182 വിമാനമാണ് കാണാതായത്.
പറന്നുയർന്ന് പതിനായിരം അടി മുകളിലെത്തി മിനിട്ടുകൾക്ക് ഉള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്‌ടപ്പെടുകയായിരുന്നു. വിമാനത്തിൽ 56 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി.വിമാനത്തിനായി തിരച്ചിൽ ഊർജിതമാക്കിയതായും ഇന്തോനേഷ്യൻ സർക്കാർ അറിയിച്ചു.
"കാണാതായ വിമാനത്തിനായുള്ള അന്വേഷണത്തിലാണ്. ദേശീയ രക്ഷാപ്രവർത്തന ഏജൻസി, ദേശീയ ഗതാഗത സുരക്ഷാ സമിതി എന്നിവരുടെ ഏകോപനത്തിലാണ് തിരച്ചിൽ നടക്കുന്നത്." ഇന്തോനേഷ്യൻ ഗതാഗത മന്ത്രാലയ വക്താവ് അദിത ഐരാവതി പ്രസ്താവനയിൽ പറഞ്ഞു.