വേണ്ടി വന്നാൽ പൂഞ്ഞാറിൽ ഒറ്റയ്‌ക്ക് മത്സരിക്കും, ആരുടെയും ഔദാര്യം ആവശ്യമില്ലെന്ന് പി.സി ജോർജ്

Sunday 10 January 2021 12:13 AM IST

കോട്ടയം: പൂഞ്ഞാറില്‍ തനിച്ച് മത്സരിക്കാൻ തയ്യാറാണെന്നും അതിന് ആരുടേയും ഔദാര്യം ആവശ്യമില്ലെന്നും പി.സി ജോർജ് എം.എൽ.എ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് മുന്നണിക്കൊപ്പം ചേരുമെന്ന കാര്യം 11-ാം തീയതി നടക്കുന്ന യു.ഡി.എഫ് യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

യു.ഡി.എഫിന് ഒപ്പം ചേരുന്നതിൽ കോണ്‍ഗ്രസ് പ്രാദേശികനേതൃത്വത്തിന് എതിര്‍പ്പുണ്ടെങ്കിലും അത് അവഗണിക്കുന്നെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേർത്തു. പിസി ജോര്‍ജിന്റെ യു.ഡി.എഫ് മുന്നണി പ്രവേശനത്തിനെതിരെ കടുത്ത നിലപാടുമായി ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തുവന്നതിന് പിന്നാലെയാണ് പി.സി ജോർജിന്റെ പ്രതികരണം.

പി.സി ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ തന്നോടൊപ്പം ഈരാറ്റുപേട്ടയിലെ മുഴുവന്‍ ഭാരവാഹികളും ഭാരവാഹിത്വം രാജിവെച്ച് ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് മുന്‍ നഗരസഭാ അദ്ധ്യക്ഷനും ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ നിസാര്‍ കുര്‍ബാനി പറഞ്ഞിരുന്നു.ഇതോടെ പി.സി ജോർജിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് കോൺഗ്രസ്.