കൊവിഡ് വാക്സിൻ എന്നെത്തുമെന്ന് നാളെ അറിയാം,​ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച നാളെ

Sunday 10 January 2021 11:01 PM IST

ന്യൂഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചർച്ച നടത്തും. വാക്സിൻ വിതരണത്തീയതി പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രിമാരുമായി നരേന്ദ്രമോദി നടത്തുന്ന ആദ്യ ചർച്ചയാണ് നാളെ നടക്കുന്നത്. വൈകിട്ട് നാലിനായിരിക്കും ചർച്ച എന്നാണ് വിവരം.

രാജ്യത്ത് കൊവിഡ് വാക്സിൻ കുത്തിവയ്പ് 16നാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ, പൊലീസ്, ആശാവർക്കർമാർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവരുൾപ്പെട്ട മൂന്ന് കോടി കൊവിഡ് പോരാളികൾക്കാണ് വാക്സിൻ നൽകുക. തുടർന്ന് അൻപതു വയസിന് മുകളിലുള്ളവർ, അൻപതിൽ താഴെ പ്രായമുള്ള മറ്റ് രോഗബാധിതർ എന്നിങ്ങനെ 27 കോടി പേർക്കും നൽകും.79 ലക്ഷം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.ആദ്യഘട്ടത്തിൽ കേരളത്തിനും, മഹാരാഷ്ട്രയ്ക്കും കൂടുതൽ ഡോസ് കിട്ടിയേക്കും. രോഗവ്യാപനം കൂടുതലുള്ള ഇടങ്ങളിൽ കൂടുതൽ ഡോസ് നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

പുനെ സിറം ഇൻസ്റ്റിറ്റിയൂട്ട് നിർമിച്ച കൊവിഷീൽഡ് വാക്സിനും, ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് വിതരണം ചെയ്യുക. കേരളത്തിൽ ആദ്യദിനം ഒരു കേന്ദ്രത്തിൽ 100 പേർക്ക് വീതം 133 ഇടത്തായി 13,300 പേർക്ക് വാക്സിൻ കുത്തിവയ്ക്കും. എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് 11 വീതം, മറ്റ് ജില്ലകൾ 9 വീതം കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ.

സംസ്ഥാനത്ത് 3,54,897 പേരാണ് രജിസ്റ്റർ ചെയ്തത്. ആദ്യ ഘട്ടത്തിൽ വ്യക്തിഗത രജിസ്‌ട്രേഷനില്ല. വാക്സിനേഷൻ മേൽനോട്ടത്തിനുള്ള ആപ്പ് പ്രവർത്തന സജ്ജമായിട്ടില്ല. അതിനാൽ ആധാർ നമ്പരിന്റെ അടിസ്ഥാനത്തിലായിരിക്കും വിതരണം.