പുന:പരിശോധനയൊന്നുമില്ല; കുഞ്ഞാലിക്കുട്ടിയുടെ രാജിയിൽ ലീഗ് ഉറച്ച് തന്നെ
മലപ്പുറം: സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് മടങ്ങിവരാനുളള പി.കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിൽ പുന:പരിശോധന വേണ്ടെന്ന് മുസ്ളീം ലീഗ് തീരുമാനം. സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി എം.പി സ്ഥാനം രാജിവയ്‌ക്കാനുളള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെത്തിനെതിരെ പുന:പരിശോധന വേണമെന്ന് പാർട്ടിയിൽ നിന്നും തന്നെ വിമർശനമുയർന്നിരുന്നു. എന്നാൽ തീരുമാനത്തിന് മാറ്റം വേണ്ടെന്നും വരുന്ന നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭ ഉപതിരഞ്ഞെടുപ്പും നടക്കുന്ന തരത്തിൽ രാജി സമർപ്പിക്കാനാണ് ലീഗ് നിശ്ചയിച്ചിരിക്കുന്നത്.
കന്യാകുമാരി ഉൾപ്പടെ മൂന്നിടങ്ങളിൽ ഈ സമയത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിനൊപ്പം മലപ്പുറത്തെയും തിരഞ്ഞെടുപ്പ് നടത്താൻ പാകത്തിനാകും കുഞ്ഞാലിക്കുട്ടി രാജി സമർപ്പിക്കുക. 2016 നിയമസഭ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്ന് വിജയിച്ച് എംഎൽഎയായ കുഞ്ഞാലിക്കുട്ടി പിന്നീട് 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ സ്ഥാനം രാജിവച്ച് മലപ്പുറത്ത് നിന്നും മത്സരിച്ച് ലോക്‌സഭാംഗമായി. 2.60 ലക്ഷം വോട്ട് ഭൂരിപക്ഷത്തിനാണ് അന്ന് കുഞ്ഞാലിക്കുട്ടി വിജയിച്ചത്.