തൊടുപുഴയിൽ ബിജെപി-യുഡിഎഫ് പരസ്യ കൂട്ടുകെട്ട്; പരസ്പരം സഹായിച്ച് വോട്ട് ചെയ്തു, ഇടതുപക്ഷത്തിന് തോൽവി
ഇടുക്കി: തൊടുപുഴ നഗരസഭയിൽ പരസ്യ കൂട്ടുകെട്ടുമായി ബിജെപിയും യുഡിഎഫും. സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഇരു കൂട്ടരും പരസ്പരം സഹായിച്ച് വോട്ട് ചെയ്തതോടെ മൂന്ന് സ്റ്റാൻഡിംഗ് കമ്മിറ്റികൾ യു.ഡി.എഫിനും രണ്ടെണ്ണം ബിജെപിക്കും ലഭിച്ചു. ഇതോടെ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിൽ നഗരസഭ ഭരിച്ചിരുന്ന ഇടതുപക്ഷം പരാജയപ്പെടുകയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന അവിശുദ്ധ കൂട്ടുകെട്ട് ബിജെപിയും കോൺഗ്രസും തുടരുകയാണെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു. അതേസമയം, എൽഡിഎഫിന്റെ രാഷ്ട്രീയ അധാർമ്മികതക്കുള്ള മറുപടിയാണ് സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പെന്നാണ് യുഡിഎഫ് നിലപാട്. നഗരസഭയിൽ ആദ്യം യുഡിഎഫ് ഭരണം ഉറപ്പിച്ചിരുന്നു.
എന്നാൽ ഒരു യുഡിഎഫ് വിമതന്റെയും യുഡിഎഫ് സ്വന്ത്രന്ത്രന്റെയും സഹായത്തോടെ എൽഡിഎഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് എൽഡിഎഫിന് ഒരു തിരിച്ചടി നൽകുന്നതിന് വേണ്ടിയാണ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നുണ്ട്.
അതേസമയം, ഇത്തരത്തിൽ യുഡിഎഫ് സഖ്യമുണ്ടാക്കിയതിൽ മുസ്ലിം ലീഗ് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വോട്ടെടുപ്പിൽ നിന്നും ലീഗ് അംഗം വിട്ടു നിന്നിരുന്നു. പാർട്ടി ഈ വിഷയത്തിൽ പരസ്യപ്രകടനം നടത്തുമെന്നും സൂചനയുണ്ട്.
കുമാരമംഗലത്തും കോൺ - ബിജെപി കൂട്ടുകെട്ട്
കുമാരമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞടുപ്പിലും കോൺഗ്രസ് ബിജെപി സഖ്യം മറ നീക്കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് കോൺഗ്രസ് വോട്ടുകളുടെ പിൻബലത്തോടെ രണ്ട് ബിജെപി അംഗങ്ങൾ വിജയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച രണ്ട് യുഡിഎഫ് അംഗങ്ങളും സ്വതന്ത്ര അംഗവും ബിജെപി വോട്ട് നേടിയും വിജയിച്ചു.