കടയ്ക്കാവൂർ പോക്‌സോ കേസ്; ജാമ്യം തേടി യുവതി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

Tuesday 12 January 2021 8:11 AM IST

തിരുവനന്തപുരം: പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന കുട്ടിയുടെ അമ്മ ഇന്ന് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കും. പോക്‌സോ കോടതി ഇന്നലെ യുവതിയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു.


അതേസമയം കേസ് ഡയറി ഉൾപ്പടെയുള്ള രേഖകൾ കടയ്ക്കാവൂർ പൊലീസ് ഇന്ന് ഐ ജി ഹർഷിത അത്തല്ലൂരിന് കൈമാറും. ഐജിയുടെ പ്രാഥമിക റിപ്പോർട്ട് ഉടൻ ഉണ്ടായേക്കും. യുവതിക്കെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണോ എന്നാണ് ഐജി പ്രധാനമായും അന്വേഷിക്കുന്നത്.

കുട്ടിയുടെ പിതാവ് ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുമായുള്ള വിവാഹബന്ധം വേർപെടുത്താതെ മൂന്നു വർഷമായി ഭർത്താവ് അകന്നു കഴിയുകയാണെന്നും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്സോ കേസിൽ കുടുക്കാൻ കാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം.ഇരയായ കുട്ടിയുടെ ഇളയസഹോദരനും അമ്മയ്‌ക്ക് അനുകൂലമായി മൊഴി നൽകിയിരുന്നു. എന്നാൽ കുട്ടിയുടെ മൂത്ത സഹോദരൻ അമ്മയ്ക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുകയാണ്.