ബി ജെ പി സ്ഥാനാർത്ഥിയാകുമോ? കൃഷ്ണകുമാറിന്റെ പ്രതികരണമിങ്ങനെ

Tuesday 12 January 2021 10:47 AM IST

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്ന് ആരാധകർ നടൻ കൃഷ്ണകുമാറിനോട് സോഷ്യൽ മീഡിയയിലൂടെയും മറ്റും ചോദിച്ചിരുന്നു. ഇപ്പോഴിതാ അത്തരം ചോദ്യങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

മത്സരിക്കണമെന്ന് ബി ജെ പി നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും, തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഇറങ്ങാൻ 100 ശതമാനം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അറിയപ്പെടുന്ന ഒരു കലാകാരൻ സ്ഥാനാർത്ഥിയാകുമ്പോഴോ പ്രചാരണത്തിന് ഇറങ്ങുമ്പോഴോ പത്ത് പേരിൽ കൂടുതൽ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും നടൻ കൂട്ടിച്ചേർത്തു.

പാർട്ടി അംഗത്വം എടുക്കാൻ തയ്യാറാണെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണകുമാർ വ്യക്തമാക്കി. പാർട്ടി അംഗത്വം ഇന്നു തന്നാലും സന്തോഷത്തോടെ സ്വീകരിക്കും. ഇന്നുവരെ അതൊന്നും പാർട്ടിയോട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.