മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്‍ക്കൊപ്പം ഉമ്മൻ ചാണ്ടിയെയും പാർട്ടി പരിഗണിക്കും; വടകരയ്‌ക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ മുരളീധരൻ

Wednesday 13 January 2021 9:09 AM IST

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്‍ക്കൊപ്പം ഉമ്മൻ ചാണ്ടിയെയും പാർട്ടി പരിഗണിക്കുന്നുണ്ടെന്ന് കെ മുരളീധരൻ എം പി. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പ്രചാരണം നയിക്കുമെന്നും ഭൂരിപക്ഷം എം എൽ എമാർ പിന്തുണയ്‌ക്കുന്ന ആൾ മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരൻ പറഞ്ഞു.

വടകരയ്‌ക്ക് പുറത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താൻ ഇറങ്ങില്ലെന്നും പാർട്ടിക്കുളളിൽ പരിഗണന കിട്ടാത്തത് കൊണ്ടല്ല തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. എം പിയെന്ന ചുമതല നിർവഹിക്കലാണ് പ്രധാനം. ക്രിസ്‌ത്യൻ മത നേതാക്കളുമായി യു ഡി എഫ് നേതാക്കളുടെ കൂടിക്കാഴ്‌ച എത്രമാത്രം അവർ വിശ്വാസത്തിലെടുത്തു എന്ന് അറിയില്ല. ഹൃദയം തുറന്ന ചർച്ചയിലൂടെ അവരുടെ ആശങ്ക പരിഹരിക്കണം. വെൽഫയർ ബന്ധം പാർട്ടിയിൽ ചർച്ച ചെയ്‌ത് തന്നെയാണ് തീരുമാനിച്ചതെന്നും മുരളീധരൻ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുകൾ ഗ്രൂപ്പ് വീതം വയ്പ്പായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പിനതീതമായി സ്ഥാനാർത്ഥികളെ നിർത്തിയില്ലെങ്കിൽ കനത്ത തിരിച്ചടി ഉണ്ടാകും. താഴെത്തട്ടിൽ ഇപ്പോഴും പാർട്ടിക്ക് ചലനമുണ്ടാക്കാനായിട്ടില്ലെന്നും മുരളീധരൻ വിമർശനം ഉന്നയിച്ചു.