കവർച്ചക്കേസിലെ പ്രതി കുടുങ്ങി

Thursday 14 January 2021 5:54 AM IST

ആലുവ: മണപ്പുറം റോഡിൽ കടത്തുകടവിന് സമീപം യുവാക്കളുടെ ബൈക്കിൽ കാറിടിച്ച ശേഷം ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. ആലുവ തോട്ടക്കാട്ടുകര ഓലിപറമ്പിൽ സോളമനാണ് (29) ആലുവ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. ആക്രമണത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ടുപേർക്ക് സാരമായി പരിക്കേറ്റിരുന്നു. ആലുവ പൊലീസ് സ്റ്റേഷനിൽ അടിപിടി, കഞ്ചാവ് കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ സോളമൻ. കൂട്ടുപ്രതിയായിരുന്ന തോട്ടക്കാട്ടുകര കുത്തികുഴി ബേസിൽ ജോഷിയെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇൻസ്‌പെക്ടർ പി.എസ്. രാജേഷ്, എസ്.ഐ ആർ. വിനോദ്, എ.എസ്.ഐ സോജി, എസ്.സി.പി.ഒ കെ.എ. നവാബ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.