കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

Thursday 14 January 2021 6:05 AM IST

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. അരക്കോടിയുടെ സ്വർണ്ണവുമായി കൂത്തുപറമ്പ് സ്വദേശിയെ കസ്റ്റംസ് പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 974 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.

ഇന്നലെ പുലർച്ചെ 5.30ന് ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ കൂത്തുപറമ്പിലെ നഫ്സീറിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. കസ്റ്റംസിന്റെ ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞദിവസം പുലർച്ചെ ദുബായ്, ബഹ്റിൻ എന്നിവിടങ്ങളിൽ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശി ബഷീർ അബാസ്, കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് അഷറഫ്, കോഴിക്കോട് കക്കട്ടിൽ സ്വദേശി റഷീദ് എന്നിവരിൽ നിന്നായി ഒരു കോടി 20 ലക്ഷം രൂപ വരുന്ന 2389 ഗ്രാം സ്വർണ്ണം പിടികൂടിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും സ്വർണ്ണം പിടികൂടിയത്. പരിശോധനയ്ക്ക് കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ പി.കെ.ഹരിദാസ്, എസ്.നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, കെ.ഹബീബ്, ജോയ് സെബാസ്റ്റ്യൻ, മനോജ് കുമാർ യാദവ്, മല്ലിക കൗശിക്ക്, ഹവിൽദാർ കെ.ടി.എം. രാജൻ എന്നിവർ നേതൃത്വം നൽകി.