ടെസ്‌ല വരും ജൂണിൽ...
മുംബയ്: ഇലക്ട്രിക് കാറുകളിലെയും നവീന സാങ്കേതിക രംഗത്തെയും മന്നവന്മാരായ ടെസ്‌ല ഇന്ത്യയിൽ ഒൗദ്യോഗിക സാന്നിദ്ധ്യമായി. ടെസ്‌ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനി രജിസ്റ്റർ ചെയ്തു. ബംഗളുരുവാണ് ആസ്ഥാനം.
വൈഭവ് തനേജ, വെങ്കട്ട്‌രംഗൻ ശ്രീറാം, ഡേവിഡ് ജോൺ ഫോൺസ്റ്റീൻ എന്നീ ഡയറക്ടർമാരെയും നിയമിച്ചു. കമ്പനിയുടെ ചീഫ് അക്കൗണ്ടിംഗ് ഓഫീസറാണ് വൈഭവ്. ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കും.
ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമ്മാതാക്കളാണ് ടെസ്‌ല മോട്ടോർ. കമ്പനിയുടെ സ്ഥാപകൻ ഇലോൺ മസ്ക് അവിശ്വസനീയമായ ആശയങ്ങളുമായി ലോകത്തെ സാമ്പത്തിക, ശാസ്ത്ര മേഖലയെ അമ്പരപ്പിച്ചയാളാണ്. ടെസ്‌ലയുടെ ഷോറൂമുകൾ എല്ലാം പൂട്ടി കാർ വില്പന ഇനിമുതൽ ഓൺലൈൻ ആക്കാനുള്ള പ്രഖ്യാപനവും നടത്തിയിരുന്നു.
ടെസ്‌ല മോട്ടോറിന്റെ ഓഹരി മൂല്യം പലമടങ്ങായി വർദ്ധിച്ചതിനെ തുടർന്ന് ലോകത്തെ നമ്പർ വൺ സമ്പന്നനാണിപ്പോൾ ഇലോൺ മസ്ക്. 2021ൽ ടെസ്‌ല ഇന്ത്യയിലെത്തുമെന്ന് ഇലോൺ മസ്ക് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ആദ്യം ഇറക്കുമതി ചെയ്ത് വില്പനയാണ് ഉണ്ടാവുക. ഇക്കൊല്ലം ജൂണിൽ വാഹന ഡെലിവറി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗവേഷണ കേന്ദ്രമാണ് ആദ്യം പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് ആവശ്യമെങ്കിൽ നിർമ്മാണവും ഇവിടെ തുടങ്ങും.
ആദ്യം മോഡൽ 3
മോഡൽ 3 എന്ന ഇലക്ട്രിക് കാർ ആകും ഇന്ത്യയിൽ ആദ്യം ടെസ്‌ല കമ്പനി ഇറക്കുക. 60ലക്ഷം രൂപയോളം വിലവരുന്നതാണ് ഈ മോഡൽ. നേരത്തേ തന്നെ ആയിരം ഡോളർ വാങ്ങി ഇന്ത്യയിൽ നിന്ന് ബുക്കിംഗ് സ്വീകരിച്ചിട്ടുണ്ട് ടെസ്‌ല. ഇവർക്കാകും ഡെലിവറിയിൽ മുൻഗണന.