സുരക്ഷിതമാണോ വാട്സാപ്പ് ? ഉറപ്പിക്കാൻ വരട്ടെ !

Thursday 14 January 2021 1:58 AM IST

കൊച്ചി: ഉപഭോക്താകളുടെ സ്വകാര്യത നഷ്ടമാകില്ലെന്ന് അവകാശപ്പെടുപ്പോഴും അപാകതകളും ചതിക്കപ്പെടാനുള്ള സാദ്ധ്യതകളും വിട്ടൊഴിയാതെ വാട്സ്ആപ്പ്. കുമളി സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ കെ.ജി ഓമനകുട്ടനാണ് വാട്സ്ആപ്പിൽ ഒളിഞ്ഞിരിക്കുന്ന കെണിയെ തുറന്നുകാട്ടുന്നത്. വാട്സ്ആപ്പിലൂടെ കെെമാറുന്ന ചിത്രം, സന്ദേശം, വോയ്സ് മെസേജ്, ഡോക്യുമെന്റ് ഫയലുകൾ തുടങ്ങി എന്തും ലഭിക്കുന്ന വ്യക്തിക്ക് കൃത്രിമമാർഗത്തിലൂടെ മറ്റൊരു സന്ദേശമാക്കി മാറ്റാനും അതിലൂടെ അയച്ചയാളെ നിയമക്കുരുക്കിലാക്കാനും സാധിക്കുമെന്നതാണ് ഗുരുതരമായ സുരക്ഷ വീഴ്ച. വാട്സ്ആപ്പിന്റെ വിശ്വാസ്യതയെയും ഉപഭോക്താവിന്റെ സുരക്ഷയെയും വാട്സാപ്പിനെ ഡിജിറ്റൽ തെളിവായി കണക്കാക്കുന്ന നിയമനടപടിയെയും ഇത് ആശങ്കയിലാക്കുന്നു.

നിലവിലെ നിയമവ്യവസ്ഥയിൽ വാട്സാപ്പിനെ പ്രധാന ഡിജിറ്റൽ തെളിവായാണ് പരിഗണിക്കുന്നത്. കേരളത്തിലെ പല സുപ്രധാന കേസുകളിലും വാട്സ്ആപ്പ് തെളിവുകൾ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇത്തരം വീഴ്ചകൾ നിലനിൽക്കുമ്പോൾ വാട്സ്ആപ്പ് സ്ക്രീൻഷോട്ടുകളെ തെളിവായി കണക്കാക്കാൻ സാധിക്കില്ല. ഏതൊരു സാധാരണവ്യക്തിക്കും ഇത്തരം കൃത്രിമങ്ങൾ വാട്സ്ആപ്പിൽ ചെയ്യാൻ സാധിക്കും. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ്. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു. അടുത്ത മാസം എട്ട് മുതൽ വാട്സ്ആപ്പ് നടപ്പാക്കുന്ന സ്വകാര്യതാനയം വിവാദമായത്തോടെയാണ് ഓമനക്കുട്ടൻ സുരക്ഷാ വീഴ്ചയെ ചൂണ്ടിക്കാണിച്ചത്. വാട്സ്ആപ്പ് ആരംഭിച്ച കാലം മുതൽ ഇത്തരം നൂതനകൾ നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

കരുതൽ വേണം

ഏതൊരു കൊച്ചുകുട്ടിക്കും ഇത്തരം കൃത്രിമങ്ങൾ വാട്സാപ്പിൽ ചെയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെ വാട്സാപ്പിനെ വിശ്വാസ്യയോഗ്യമായ തെളിവായി കണക്കാക്കാൻ സാധിക്കില്ല. ഇതിലൂടെ ആരെയും അപകീർത്തിപ്പെടുത്താം, പ്രതിയാക്കാം.

കെ.ജി ഓമനക്കുട്ടൻ