കാമുകിയെ ചതിച്ചവരോടുള്ള പക, അഞ്ച് വർഷമായി രാജ്യമെമ്പാടും സഞ്ചരിച്ച്  മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ്‌ടോപ്പ് മാത്രം മോഷ്ടിക്കുന്ന തമിഴ്നാട്ടുകാരൻ പിടിയിൽ 

Thursday 14 January 2021 1:00 PM IST

രാജ്‌കോട്ട് : ഗുജറാത്തിലെ ഒരു മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ താമസിച്ചിരുന്ന ലേഡീസ് ഹോസ്റ്റലിൽ കയറി ആറോളം ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കുറ്റത്തിനാണ് പൊലീസ് 24 കാരനെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ തമിഴ്നാട്ടുകാരനായ തമിഴ്‌സെൽവൻ കണ്ണന്റെ മൊഴി കേട്ട് ഞെട്ടിയത് പൊലീസാണ്. കഴിഞ്ഞ അഞ്ചു വർഷമായി തമിഴ്‌സെൽവൻ മോഷണകൃത്യം നടത്തുന്നു, അതും ലാപ് ടോപ്പ് മാത്രമാണ് ഇയാൾ മോഷ്ടിക്കുന്നത്. അതിലും ഒരു പ്രത്യേകത തമിഴ്‌സെൽവൻ കാത്തുസൂക്ഷിച്ചിരുന്നു മെഡിക്കൽ വിദ്യാർത്ഥികൾ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ് മാത്രമാണ് ഇയാൾ കവർന്നിരുന്നത്. അഞ്ച് വർഷക്കാലം കൊണ്ട് അഞ്ഞൂറോളം ലാപ്‌ടോപ്പുകളാണ് ഇയാൾ കവർന്നത്.

മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ്‌ടോപ്പ് മാത്രം കവരുന്നതിന് പിന്നിൽ തനിക്ക് ഒരു കാരണമുണ്ടെന്ന് തമിഴ്‌സെൽവൻ പൊലീസിനോട് വെളിപ്പെടുത്തി. അത് ഒരു പകയുടെ കഥയായിരുന്നു. അഞ്ച് വർഷം മുൻപ് തന്റെ കാമുകിയെ തമിഴ്നാട്ടിലെ ഏതാനും മെഡിക്കൽ വിദ്യാർത്ഥികൾ ചേർന്ന് പരിഹാസ കഥാപാത്രമാക്കി വീഡിയോ ചമച്ച് പ്രചരിപ്പിച്ചതാണ് പ്രതികാരം ചെയ്യാൻ തമിഴ്‌സെൽവനെ പ്രേരിപ്പിച്ചത്. കാമുകിയെ ചതിച്ചവരോടുള്ള പ്രതികാരം യുവാവ് എല്ലാ മെഡിക്കൽ വിദ്യാർത്ഥികൾക്കും നേർക്കാക്കുകയായിരുന്നു. പിന്നാലെ അവരുടെ ലാപ്‌ടോപ്പുകൾ മോഷ്ടിക്കാൻ ആരംഭിച്ചു. തെക്കേ ഇന്ത്യയിലെ ഒട്ടുമിക്ക മെഡിക്കൽ കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ ലാപ്‌ടോപ്പുകൾ കവർന്നതോടെ തമിഴ്‌സെൽവൻ താമസം ഫരീദാബാദിലേക്ക് മാറ്റി. ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് ഉത്തരേന്ത്യയിലെ കോളേജുകളിൽ മോഷണം നടത്തി. ഒടുവിൽ ഗുജറാത്തിൽ മോഷണം നടത്താൻ തീരുമാനിച്ചതാണ് തമിഴ്‌സെൽവൻ കണ്ണന് വിനയായത്.

കഴിഞ്ഞ വർഷം ഡിസംബർ 26 ന് എംപി ഷാ മെഡിക്കൽ കോളേജിലെ ഗേൾസ് ഹോസ്റ്റലിൽ കടന്ന തമിഴ്‌സെൽവൻ ആറ് ലാപ്‌ടോപ്പുകളാണ് കവർന്നത്. ഇതേ തുടർന്നാണ് ജാംനഗറിലെ പോലീസ് മോഷ്ടാവിനെ തിരഞ്ഞ് ഇറങ്ങുന്നത്. ലാപ്‌ടോപ്പുകൾ കവരുന്ന യുവാവ് ഒരിക്കലും മൊബൈൽ എടുക്കാറില്ലായിരുന്നു. ട്രാക്ക് ചെയ്ത് പൊലീസ് തന്നെ കുടുക്കുമെന്ന ഭയമാണ് ഇതിൽ നിന്നും തമിഴ്‌സെൽവനെ തടഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു. ലാപ് ടോപ്പ് എളുപ്പത്തിൽ വിൽക്കാൻ കഴിയുന്നതും മോഷ്ടാവിന് തുണയായി. എന്നാൽ ഗുജറാത്തിൽ നടന്ന ആദ്യ മോഷണത്തിൽ തന്നെ പൊലീസ് തന്നെ പിടിച്ചതിന്റെ ഷോക്കിലാണ് സൈക്കോയായ ഈ ലാപ്‌ടോപ്പ് കള്ളൻ ഇപ്പോൾ.