ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; ഏഴ് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

Friday 15 January 2021 10:55 AM IST

ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ശക്തമായ ഭൂചലനം. റിക്‌‌ടർ സ്‌കെയിലിൽ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ ഏഴുപേർ മരണമടഞ്ഞതായാണ് ലഭിക്കുന്ന വിവരം. തകർന്ന കെട്ടിടങ്ങൾക്കുള‌ളിൽ നിരവധി പേർ കുടുങ്ങി കിടക്കുകയാണെന്നും അതിനാൽ മരണസംഖ്യ ഉയരാനാണ് സാദ്ധ്യതയെന്നുമാണ് വിവരം. നാലുപേർ മരണമടഞ്ഞതായും മൂന്നുപേ‌ർക്ക് ഗുരുതര പരിക്കേ‌റ്റതുൾപ്പടെ 637 പേർക്ക് പരിക്കേ‌റ്റുവെന്നാണ് ഔദ്യോഗിക കണക്ക്. രാജ്യത്തെ പ്രമുഖ നഗരമായ മജേനെ സി‌റ്റിയിൽ നിന്നും ആറ് കിലോമീ‌റ്റർ വടക്കുകിഴക്കായി ഭൂമിക്കടിയിൽ പത്ത് കിലോമീ‌റ്റർ താഴെയായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ആയിരക്കണക്കിന് ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്‌തു. പ്രാദേശിക സമയം വെള‌ളിയാഴ്‌ച പുലർച്ചെ ഒരുമണിക്ക്( ഇന്ത്യൻ സമയം വ്യാഴാഴ്‌ച രാത്രി 11.30)ആണ് രാജ്യത്തെ നടുക്കിയ ഭൂചലനമുണ്ടായത്. ഏഴ് സെക്കന്റോളം ശക്തമായ ഭൂചലനമുണ്ടായതായാണ് ലഭ്യമായ വിവരം. ജനങ്ങൾ പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങിയോടി. നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നടിഞ്ഞു. ദ്വീപിലെ ഗവർണറുടെ ഓഫീസും മാളും, സ്ഥലത്തെ പ്രധാനപ്പെട്ട ഹോട്ടലുകളുമെല്ലാം തകർന്നവയിൽ പെടുന്നു. പാലങ്ങൾ തകർന്നതുകാരണം സ്ഥലത്തേക്കുള‌ള വാഹന ഗതാഗതത്തിനും തടസമുണ്ട്.

വ്യാഴാഴ്‌ചയും ഇതേ സ്ഥലത്ത് റിക്‌ടർ സ്‌കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നിരവധി വീടുകൾ ഈ ഭൂചലനത്തിൽ നശിച്ചിരുന്നു. മൂന്നോളം ഇടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായതായാണ് വിവരം. നിരന്തരം ഭൂമികുലുക്കമുണ്ടാകുന്ന 'റിംഗ് ഓഫ് ഫയർ' മേഖലയിലാണ് ഇന്തോനേഷ്യയുടെ സ്ഥാനം. 2018ലും 6.2 രേഖപ്പെടുത്തിയ ഭൂചലനത്തിലും തുടർന്നുണ്ടായ സുനാമിയിലും രാജ്യത്തെ പാലു നഗരത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് മരണമടഞ്ഞത്.