ഇന്തോനേഷ്യയിൽ ഭൂകമ്പം: 42 മരണം, തകർന്ന ആശുപത്രിയ്ക്കടിയിൽ കുടുങ്ങി രോഗികളും ജീവനക്കാരും
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലാവസി ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ 42
മരണം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഏഴ് സെക്കൻഡ് നീണ്ട് നിന്ന ഭൂകമ്പത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റു. അനവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചില കെട്ടിടങ്ങൾ നിലംപൊത്തുകയും ചെയ്തു. 60തിലധികം വീടുകൾ തകർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന് സംശയമുണ്ടെന്ന് അധികൃതർ പറഞ്ഞു.
മമുജു സിറ്റിക്ക് ആറുകിലോമീറ്റർ വടക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്നലെ വെളുപ്പിന് ഒരുമണിയോടെയായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. മമുജവിൽ രണ്ടു ഹോട്ടലുകൾ, ആശുപത്രി, ഗവർണറുടെ ഓഫീസ്, ഒരു മാൾ എന്നിവയടക്കം നിരവധി കെട്ടിടങ്ങൾ തകർന്നു. തകർന്ന ആശുപത്രിയ്ക്കടിയിൽ കുടുങ്ങിയ 12 ലധികം ജീവനക്കാരെയും രോഗികളേയും രക്ഷപ്പെടുത്താനുള്ള ശ്രമം രാത്രി വൈകിയും പുരോഗമിക്കുകയാണ്.
ഭൂകമ്പത്തെ തുടർന്ന് മാമുജുവിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലം തകർന്നത് മൂലം പ്രദേശത്തെ ഗതാഗതം സ്തംഭിച്ചു. പ്രദേശത്ത് വൈദ്യുതി വിതരണവും നിലച്ചു. അതേസമയം, രാജ്യത്ത് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇന്നലെ ഇതേ പ്രദേശത്ത് 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇനിയും ചെറുചലനങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയെന്ന് അധികൃതർ അറിയിച്ചു. പതിവായി ഭൂകമ്പവും അഗ്നിപർവത സ്‌ഫോടനങ്ങളുമുണ്ടാകാറുള്ള രാജ്യമാണ് ഇന്തോനേഷ്യ.