ഡാൻസ് പഠിപ്പിക്കാമെന്ന് പറഞ്ഞ് വശീകരിച്ചു,​ 13കാരനെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ലൈംഗികമായി പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

Friday 15 January 2021 10:16 PM IST

ന്യൂഡൽഹി: ഡാൻസ് പഠിപ്പിക്കാമെന്നു പറഞ്ഞ് കൂടെകൂട്ടിയ 13കാരനെ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയാക്കി മാറ്റിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചത് മൂന്നുവ‍ർഷത്തോളം.. ഡൽഹി വനിതാ കമ്മീഷന്റെ ഇടപെടലാണ് ഞെട്ടിക്കുന്ന ക്രൂരതയെക്കുറിച്ച് പുറംലോകം അറിയാൻ ഇടയാക്കിയത്. സംഭവത്തിലെ പ്രതികളായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

വടക്കുകിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിൽ മൂന്ന് വർഷം മുമ്പ് നടന്ന നൃത്ത പരിപാടിയിലാണ് കുട്ടിയെ പ്രതികൾ പരിചയപ്പെടുന്നത്. നൃത്തം പഠിപ്പിക്കാമെന്നു പറഞ്ഞ് ഇവർ കുട്ടിയെ കൂടെ കൂട്ടുകയായിരുന്നു. പിന്നീട് അവരോടൊപ്പം താമസിച്ച് നൃത്തം പഠിക്കാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ കുട്ടിക്ക് മയക്കുമരുന്ന് നൽകി അതിന്റെ അടിമയാക്കി മാറ്റി. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം തനിക്ക് ഹോർമോണുകളും നൽകിയതായി കുട്ടി വനിതാ കമ്മീഷനോട് പറഞ്ഞു.

നൃത്ത പരിശീലന സംഘം കുട്ടിയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നതായി വനിതാ കമ്മിഷൻ പറഞ്ഞു. ഉപഭോക്താക്കളായി വന്ന മറ്റുള്ളവരും ബലാൽസംഗത്തിനിരയാക്കി. തിരക്കേറിയ ട്രാഫിക് സിഗ്നലുകളിൽ ഭിക്ഷാടനത്തിനും പ്രേരിപ്പിച്ചിരുന്നു. സ്ത്രീകളുടെ വേഷത്തൽ പ്രതികളും ഭിക്ഷാടനത്തിനിറങ്ങിയിരുന്നു. ഇതിനിടയിൽ മറ്റൊരു ആൺകുട്ടിയെ കൂടി സംഘം പ്രലോഭിപ്പിച്ച് കൂടെ കൂട്ടി.. ഈ കൂട്ടിയെയും ലൈംഗിക പീഡനത്തിന് ഇരയാക്കി. വീട്ടുകാരോട് ഈ കാര്യങ്ങൾ പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറയുന്നു.

കഴിഞ്ഞ മാർച്ചിൽ ലോക്ഡൗൺ സമയത്താണ് സംഘത്തിൽ നിന്നും രക്ഷപ്പെട്ട് രണ്ടു കുട്ടികളും ആദ്യത്തെ കുട്ടിയുടെ മാതാവിന്റെ അടുത്തെത്തിയത്. രണ്ട് കുട്ടികളും ഭയം കാരണം പൊലീസിൽ പരാതി നൽകിയിരുന്നില്ല.

ഡിസംബറിൽ പ്രധാന പ്രതി ഇവരെ തേടിയെത്തി ബലമായി വീണ്ടും കൊണ്ടുപോയി. മാതാവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ഇത് ചെയ്തതെന്നും വനിതാ കമ്മീഷൻ പറഞ്ഞു. രണ്ടു ദിവത്തിനു ശേഷം അവിടെ നിന്നും രക്ഷപ്പെട്ട കുട്ടികൾ റെയിൽവേ സ്റ്റേഷനിൽ ഒളിച്ചു. അവിടെ വച്ചു കണ്ട അഭിഭാഷകനാണ് ഇരുവരെയും വനിതാ കമ്മിഷനു മുന്നിലെത്തിച്ചത്.

കൗൺസിലിംഗ് നടത്തിയപ്പോഴാണ് ഇതുവരെയുണ്ടായ സംഭവങ്ങളെല്ലാം കുട്ടികൾ വെളിപ്പെടുത്തിയത്. വനിതാ കമ്മീഷന്റെ നിർദേശപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ മറ്റ് രണ്ടുപേർക്കായി തിരച്ചിൽ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.