'ജാവദേക്കർ യൂസ്‌ലസാണ്... സ്‌മൃതി ഇറാനി നല്ല സുഹൃത്താണ്...എല്ലാ മന്ത്രിമാരും നമ്മുക്കൊപ്പമാണ്'; അർണാബ് ഗോസ്വാമി മുൻ 'ബാർക്ക്' സിഇഒയുമായി നടത്തിയ ചാറ്റ് പുറത്ത്

Friday 15 January 2021 10:33 PM IST

ന്യൂഡൽഹി: റിപ്പബ്ലിക് ടിവി എംഡിയും ചാനലിന്റെ എഡിറ്റർ ഇൻ ചീഫുമായ അർണാബ് ഗോസ്വാമി മുൻ ബാർക്(ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റീസേർച്ച് കൗൺസിൽ) സിഇഒ പാർത്ഥോ ദാസുമായി നടത്തിയതെന്ന് കരുതപ്പെടുന്ന വാട്സാപ്പ് ചാറ്റുകൾ പുറത്ത്. ഇരുവരും തമ്മിൽ നടന്ന വാട്സാപ്പ് സംസാരത്തിന്റെ അഞ്ഞൂറോളം പേജുകൾ നീളുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

മുംബയ് പൊലീസ് പുറത്തുവിട്ട വാട്സാപ്പ് ചാറ്റിന്റെ വിവരങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയ വഴിയും പങ്കുവയ്ക്കപ്പെടുകയും സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെ നിരവധി പേർ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും മറ്റ് വിവരങ്ങളും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ദേശീയ മാദ്ധ്യമമായ 'നാഷണൽ ഹെറാൾഡ്' ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളാണ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ടിആർപി അട്ടിമറി കേസിലെ പ്രതി കൂടിയായ ബാർക് സിഇഒ തന്റെ ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്തുകൊണ്ട്, അർണാബുമായി ഗൂഢാലോചന നടത്തി, അദ്ദേഹത്തിന്റെ ചാനലിനെ ടിആർപി റേറ്റിംഗിൽ ഒന്നാം സ്ഥാനത്തെത്തിക്കാൻ കൂട്ടുനിന്നു എന്ന് മുംബയ് പൊലീസ് കണ്ടെത്തിയിരുന്നു.

ചാനലിനെ റേറ്റിംഗിൽ മുകളിലെത്തിക്കാനായി പാർത്ഥോ ദാസ് ലക്ഷങ്ങൾ കൈക്കൂലിയായി വാങ്ങിയിരുന്നു എന്നും മുംബയ് പൊലീസ് പറഞ്ഞിരുന്നു. ഇപ്പോൾ പുറത്തുവന്ന ചാറ്റ് വിവരങ്ങൾ സത്യമെങ്കിൽ, പ്രധാനമന്ത്രിയുടെ ഓഫീസുമായും, ബിജെപി നേതാക്കളുമായും മറ്റ് അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായും കേന്ദ്ര സർക്കാരുമായും അർണാബിന് അളവിൽ കവിഞ്ഞ അടുപ്പമുണ്ടെന്നാണ് തെളിയിക്കപ്പെടുക.

2019 മാർച്ച് മുതൽ ജൂലൈ മാസങ്ങളിൽ ആരംഭിച്ച് അതേ വർഷം ഒക്ടോബർ വരെ ഇരുവരും തമ്മിൽ നടന്ന ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചാറ്റിൽ, 'രാഷ്ട്രീയ കളികൾ ആരംഭിച്ചിട്ടുണ്ടെ'ന്നും 'മന്ത്രിമാർ അർണാബിന് എതിരാണെ'ന്നും പർത്ഥോ ദാസ് പറയുമ്പോൾ 'എല്ലാ മന്ത്രിമാരും നമ്മുക്കൊപ്പം ഉണ്ടെ'ന്ന് പറഞ്ഞുകൊണ്ട് അർണാബ് അതിനെ തള്ളിക്കളയുകയാണ് ചെയ്യുന്നത്.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി താൻ സംസാരിക്കുന്നുണ്ടെന്ന് അർണാബ് പറയുമ്പോൾ ജാവദേക്കർ 'യൂസ്‌ലെസ് ' ആണെന്നാണ് പർത്ഥോ ദാസ് മറുപടി നൽകുന്നത്.കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയെക്കുറിച്ചും ചാറ്റിൽ പരാമർശമുണ്ട്.

സ്‌മൃതി ഇറാനി തന്റെ നല്ല സുഹൃത്താണെന്നാണ് പർത്ഥോ ദാസ് പറയുന്നത്. 'എഎസ്' എന്നും ചാറ്റിൽ ഒരിടത്ത് കാണാം. ഇത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്നാണ് ചിലർ അനുമാനിക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ടിആർപി തട്ടിപ്പ് സംഭവം പുറത്തുവരുന്നത്. ഇതേതുടർന്ന് അർണാബിനെയും പാർത്ഥോ ദാസിനെയും മുംബയ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.