മോഷ്ടിച്ച പച്ചക്കറി സ്വന്തം കടയിലെത്തിച്ച് വില്പന നടത്തുന്നയാൾ പിടിയിൽ
Saturday 16 January 2021 12:48 AM IST
പോത്തൻകോട്: വിവിധ സ്ഥലങ്ങളിലെ പച്ചക്കറിക്കടകളിൽ രാത്രികാലങ്ങളിൽ ഓട്ടോയിലെത്തി സാധനങ്ങൾ മോഷ്ടിച്ച ശേഷം പള്ളിപ്പുറത്തെ സ്വന്തം കടയിലെത്തിച്ച് വിൽക്കുന്നയാളെ പോത്തൻകോട് പൊലീസ് പിടികൂടി. പള്ളിപ്പുറം പാച്ചിറ പണ്ടാരവിള വീട്ടിൽ ഷിബുവിനെയാണ് (43 ) പോത്തൻകോട് എസ്.ഐ അജീഷ് വി.എസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്‌തത്. വാവറഅമ്പലം സ്വദേശി ബൈജുകുമാർ ജംഗ്‌ഷനിൽ പുതുതായി തുടങ്ങിയ മലക്കറിക്കടയിൽ നിന്ന് ഇക്കഴിഞ്ഞ 4ന് പുലർച്ചെ വെളുത്തുള്ളിയും സവാളയും നിറച്ച ചാക്കുകൾ ഷിബു ഓട്ടോയിൽ കടത്തിക്കൊണ്ടുപോയിരുന്നു. 10ന് വീണ്ടും മോഷണം നടത്താൻ കടയിലെത്തിയപ്പോൾ സി.സി ടി.വി കാമറകൾ സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാൾ രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് കടയുടമ സി.സി ടിവി ദൃശ്യങ്ങൾ സഹിതം പോത്തൻകോട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഷിബു അറസ്റ്റിലായത്.