അർണബിന്റെ വാട്‌സാപ്പ് ചാറ്റ് ; പ്രതികരിക്കാതെ പൊലീസ്, ഗൂഢാലോചനയുടെ തെളിവെന്ന് പ്രശാന്ത് ഭൂഷൺ

Saturday 16 January 2021 8:44 AM IST

മുംബയ്: റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയും മുൻ ബാർക്(ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റീസേർച്ച് കൗൺസിൽ) സിഇഒ പാർത്ഥോ ദാസുമായി നടത്തിയതെന്ന് കരുതപ്പെടുന്ന വാട്‌സാപ്പ് ചാറ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ തനിക്കുള്ള സ്വാധീനമുപയോഗിച്ച് അർണബ് നടത്തിയ അധികാര ദുർവിനിയോഗത്തിന്റെ തെളിവുകളാണിതെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു.

ട്വിറ്ററിലൂടെയാണ് പ്രശാന്ത് ഭൂഷൺ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. അധികാരദല്ലാളെന്ന നിലയിൽ അർണബ് നടത്തിയ ഗൂഢാലോചനയുടെ വിവരങ്ങൾ അതിലുണ്ടെന്നും, നീതിന്യായ സംവിധാനം നിലവിലുള്ള ഏതൊരു രാജ്യത്തും വർഷങ്ങളോളം ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്വേഷണത്തിന്‍റെ ഭാഗമായി മുബയ് പൊലീസ് ശേഖരിച്ച തെളിവാണ് പുറത്ത് വന്നതെന്നാണ് പ്രചാരണം. എന്നാൽ, പൊലീസ് ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2019 ലെ ചാറ്റുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.