സ്ഥാനമൊഴിയുമ്പോഴും പവർ കുറയ്‌ക്കാൻ തയ്യാറാകാതെ ട്രംപ്; ഫ്ളോറിഡയ്‌ക്ക് മടങ്ങുക എയർഫോഴ്‌സ് വണ്ണിൽ

Saturday 16 January 2021 11:25 AM IST

ന്യൂയോർക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ സർവ ശക്തിയും ഉപയോഗിച്ച് വിജയിക്കുന്നതിനുള‌ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങൾ വാർത്തയായതാണ്. തുടർച്ചയായി ബൈഡനും ഡെമോക്രാ‌റ്റിക് പാർട്ടിക്കുമെതിരെ ആരോപണമുന്നയിച്ച ട്രംപിന്റെ ട്വീ‌റ്റുകൾ വ്യാജമാണെന്ന് ട്വി‌റ്റർ തന്നെ അറിയിക്കുന്ന അവസ്ഥയുണ്ടായി. പിന്നീട് അമേരിക്കൻ കോൺഗ്രസ് ചേർ‌ന്ന് ജോ ബൈഡനെ അടുത്ത പ്രസിഡന്റായി അംഗീകരിക്കുന്ന ദിവസമായിരുന്ന ജനുവരി ഏഴിന് തന്റെ അനുയായികളെ വിട്ട് അമേരിക്കയിലെ ക്യാപി‌റ്റോളിൽ അക്രമം നടത്തി. ആ സംഭവം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കുന്നതായി മാറി.

ഇപ്പോഴിതാ അധികാരം ഒഴിയാൻ നിർബന്ധിതനായിരിക്കുമ്പോഴും തന്റെ ഗമ ഒട്ടും കുറയ്‌ക്കാൻ ട്രംപ് തയ്യാറല്ല. സാധാരണ അധികാരമൊഴിയുന്ന പ്രസിഡന്റുമാർ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വൺ ഉപയോഗിക്കാറില്ല. എന്നാൽ ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുന്ന ജനുവരി 20ന് ട്രംപ് തിരികെ ഫ്ളോറിഡയിലെ വീട്ടിലേക്ക് മടങ്ങുക എയർഫോഴ്‌സ് വണ്ണിലാകും. അന്നേ ദിവസം മടങ്ങുന്നതിനാൽ ബൈഡന്റെ സത്യപ്രതിജ്ഞയിൽ ട്രംപ് പങ്കെടുക്കില്ല. ഒപ്പം മകൾ ഇവാൻകയും മരുമകൻ ജറേഡ് കുഷ്‌നറും ഉണ്ടാകും. തന്റെ റിസോർട്ട് ആയ മാർ-എ-ലാഗോയിൽ ട്രംപ് സ്ഥിരതാമസമായേക്കും. പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയിൽ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പങ്കെടുത്തേക്കും.

ആൻഡ്രൂസ് എയർഫോഴ്‌സ് ബേസിൽ നിന്നും ചുവപ്പ് പരവതാനി വിരിച്ച് ആദരവും 21 ഗൺ സല്യൂട്ടും മിലിട്ടറി ബാന്റും സ്വീകരിച്ച് അഭിവാദ്യം സ്വീകരിച്ചാവും ട്രംപ് മടങ്ങുക. വൈ‌റ്റ്ഹൗസിലെ നിരവധി ജീവനക്കാരും ട്രംപിനെ വീട്ടിലേക്ക് അനുഗമിക്കും. സ്ഥാനമൊഴിഞ്ഞ ശേഷം ട്രംപിന്റെ തുടർപദ്ധതികളെ കുറിച്ച് വ്യക്തതയില്ല. എന്നാൽ ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ട നടപടികൾ തുടരുന്നതിനാൽ ഇതിനായാകും കൂടുതൽ സമയം ചിലവാക്കുക എന്ന് ചില അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ അറിയിക്കുന്നു.