നടിയെ ആക്രമിച്ച കേസ്; ദിലീപിന് എതിരായ കുറ്റാരോപണങ്ങളിൽ ഭാഗിക മാറ്റങ്ങൾ വരുത്താൻ അനുവാദം നൽകി കോടതി

Saturday 16 January 2021 12:35 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റാരോപണങ്ങളിൽ ഭാഗിക മാറ്റങ്ങൾ വരുത്താൻ കോടതി അനുവാദം നൽകി. ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വന്ന കുറ്റപത്രത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനെ പ്രതിഭാഗം എതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതി നടപടി. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുളള പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി 19 ലേക്ക് മാറ്റി. ബന്ധപ്പെട്ട മറ്റ് ഹർജികളും അന്ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

ഈ മാസം 21ന് കേസിന്റെ രഹസ്യ വിചാരണ വീണ്ടും തുടങ്ങും. കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ അന്ന് വിസ്‌തരിക്കും. വിചാരണക്കോടതിയോടുളള അതൃപ്‌തി പ്രകടിപ്പിച്ച് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവച്ചതിനെ തുടർന്ന് വിചാരണ മുടങ്ങിയിരുന്നു. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതോടെയാണ് വിചാരണ പുനരാരംഭിക്കുന്നത്.