ഫൈസർ വാക്‌സിൻ സ്വീകരിച്ച 23 മുതിർന്ന പൗരന്മാ‌ർ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് നോർവെ

Saturday 16 January 2021 1:31 PM IST

ന്യൂഡൽഹി: ഫൈസറിന്റെ എംആർഎൻഎ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിൽ 23 മുതിർന്ന പൗരന്മാർ മരണമടഞ്ഞതായി നോർവെ സ്ഥിരീകരിച്ചു. കഴിഞ്ഞ വർ‌ഷം ഡിസംബർ അവസാനത്തോടെയാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ പ്രക്രിയ ആരംഭിച്ചത്. മുതിർന്ന പൗരന്മാരിലും നഴ്‌സിംഗ് ഹോമുകളിലുള‌ളവർക്കുമാണ് ആദ്യഘട്ടത്തിൽ കുത്തിവയ്‌പ്പ് നടത്തിയത്.

ആരോഗ്യം കുറവുള‌ള നഴ്‌സിംഗ് ഹോമുകളിൽ കഴിഞ്ഞ മുതിർന്ന പൗരന്മാരാണ് മരിച്ചവരെല്ലാം. ഇവരെല്ലാവരും 80 വയസിന് മുകളിലുള‌ളവരാണ്. ചിലർ 90 വയസിന് മുകളിലുള‌ളവരും. നോർവീജിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എംആർഎൻഎ വാക്‌സിന്റെ പാർശ്വഫലങ്ങളായ പനിയുംഛർദ്ദിയും വയറിളക്കവും മൂലമാണ് ഇവരിൽ 13 പേരും മരിച്ചത് എന്ന് നോർവീജിയൻ മെഡിക്കൽ ഏജൻസി സ്ഥിരീകരിച്ചു.സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

വാക്‌സിൻ സ്വീകരിച്ച മുതിർന്നവരിൽ സമഗ്രമായ പഠനം നടത്താൻ ഡോക്‌ടർമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇത് തികച്ചും യാദൃച്ഛികം മാത്രമാകാമെന്നും എങ്കിലും സമഗ്ര അന്വേഷണം നടത്തുകയാണെന്നുമാണ് നോർ‌വീജിയൻ മെഡിക്കൽ ഏജൻസി ഡയറക്‌ടർ സ്‌റ്റെയിനർ മാഡ്സെൻ അഭിപ്രായപ്പെട്ടത്.

മുതിർന്ന പൗരന്മാർ മരണമടഞ്ഞത് വാക്‌സിൻ മൂലമാണോ മറ്റ് കാരണങ്ങളാലാണോയെന്ന് പഠിക്കണമെന്ന് ചൈനീസ് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഫൈസർ വാക്‌സിന്റെ ഉപയോഗം വിലക്കണമെന്നാണ് ഇവരുടെ അഭിപ്രായം. മനുഷ്യരിൽ ഫൈസർ വാക്‌സിന്റെ സുരക്ഷ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് ചൈനീസ് രോഗ ഗവേഷകർ പറയുന്നത്.