വാഗമൺ നിശാ പാർട്ടിയിലേക്ക് ലഹരിമരുന്ന് നൽകിയത് നൈജീരിയൻ സ്വദേശികൾ; കേസിൽ പ്രതിചേർത്തു

Saturday 16 January 2021 2:24 PM IST

തൊടുപുഴ: വാഗമൺ നിശാപാർട്ടി കേസിൽ രണ്ട് നൈജീരിയൻ സ്വദേശികളെ കൂടി പ്രതി ചേർത്തു. പാർട്ടിയിലേക്ക് ലഹരിമരുന്ന് നൽകിയത് ബംഗളൂരുവിലുളള നൈജീരിയൻ സ്വദേശികളാണെന്ന് കണ്ടെത്തിയതോടെയാണ് ഇവരെ കൂടി പ്രതിചേർത്തത്. ഇതോടെ കേസിൽ ആകെ 11 പ്രതികളായി.

നിശാപാർട്ടിയിലേക്ക് ലഹരിമരുന്ന് കൊണ്ടുവന്നത് ബംഗളൂരുവിൽ നിന്നാണെന്ന് നേരത്തെ അറസ്റ്റിലായ പ്രതികൾ മൊഴി നൽകിയിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് ബംഗളൂരുവിൽ നേരിട്ടെത്തി അന്വേഷണം നടത്തി. ഇതിനുപിന്നാലെയാണ് നൈജീരിയൻ സ്വദേശികളെ കൂടി കേസിൽ പ്രതിചേർത്തത്.

ഡിസംബർ ഇരുപതിനാണ് വാഗമണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ സംഘടിപ്പിച്ച നിശാപാർട്ടിയിൽ വൻതോതിൽ ലഹരിമരുന്ന് ഉപയോഗിച്ചത്. എം ഡി എം എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളാണ് പാർട്ടിയിൽ നിന്ന് പിടിച്ചെടുത്തത്. കൊച്ചിയിലെ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസ് അടക്കം ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവരിൽ പലരും നിലവിൽ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.