സണ്ണി വെയ്‌നും ഗൗരി കിഷനും ഒന്നിക്കുന്ന 'അനുഗ്രഹീതൻ ആന്റണി'; ട്രെയിലർ പുറത്തിറക്കി മമ്മൂട്ടി
സണ്ണി വെയ്‌നും ഗൗരി കിഷനും ഒന്നിക്കുന്ന ചിത്രമായ 'അനുഗ്രഹീതൻ ആന്റണി'യുടെ ട്രെയിലർ പുറത്തുവിട്ട് മെഗാസ്റ്റാർ മമ്മൂട്ടി. ചിത്രത്തിന് ആശംസകൾ നേർന്ന് തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് മമ്മൂട്ടി ട്രെയിലർ പുറത്തിറക്കിയത്. കൊവിഡ് സാഹചര്യം മൂലം റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്ന ചിത്രങ്ങളിലൊന്നാണ് സണ്ണി ടൈറ്റിൽ റോളിലെത്തുന്ന 'അനുഗ്രഹീതൻ ആന്റണി'.
പ്രിൻസ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിഷ്‍ണു എസ് രമേശ്, അശ്വിന്‍ പ്രകാശ് എന്നിവരുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. ഗൗരി കിഷന്‍ നായികയാവുന്ന ചിത്രത്തില്‍ മണികണ്ഠന്‍, ജാഫര്‍ ഇടുക്കി, സിദ്ദിഖ്, മുത്തുമണി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്സാണ്ടര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.
സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യമുള്ള കഥയാണ് ചിത്രം പറയുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഛായാഗ്രഹണം സെല്‍വകുമാര്‍ എസ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി. സംഗീതം അരുണ്‍ മുരളീധരന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്. ലക്ഷ്യ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ എം ഷിജിത്ത് ആണ് നിര്‍മ്മാണം.