ഐസ്ക്രീമിൽ കൊറോണ വൈറസ്, ജാഗ്രതയിൽ ചൈന
ബീജിംഗ്: ചൈനയിൽ ഐസ്ക്രീം, പാൽപ്പൊടി പാക്കറ്റുകളിൽ കൊവിഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. ഇറക്കുമതി ചെയ്ത 4800 ഐസ്ക്രീം ബോക്സുകളിലും ഉക്രയ്ൻ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ 450 ഗ്രാം പാൽപ്പൊടി ബോക്സുകളിലുമാണ് കൊവിഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതെന്നാണ് വിവരം. 2089 ബോക്‌സുകൾ സുരക്ഷിതമായ സ്ഥലത്തേക്ക് അധികൃതർ മാറ്റി.
ടിയാൻജിൻ ദാക്വിയോദാവോ' എന്ന ഫുഡ് കമ്പനിയിലേക്കാണ് പാൽപ്പൊടി എത്തിയതെന്നാണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. സംശയത്തെ തുടർന്ന് പരിശോധന നടത്തിയ മൂന്ന് സാമ്പിളുകളിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആയിരക്കണക്കിന് ഐസ്‌ക്രീം പായ്‌ക്കറ്റുകൾ അധികൃതർ പിടിച്ചെടുത്തു.
കമ്പനിയിലെ 1662 ജീവനക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇവർ ക്വാറന്റൈനിലുമാണ്.
700 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 962 പേരുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്. ഐസ്‌ക്രീം വിൽപ്പന നടത്തിയ കടകളിലെ ജീവനക്കാരിലും പരിശോധനകൾ നടക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഐസ്‌ക്രീം വിറ്റ കടകളിലെ വിൽപ്പനക്കാരെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കി. ഇവരിൽ ചിലരെ ഇനിയും കണ്ടെത്താനായിട്ടില്ല, അതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇറക്കുമതി ചെയ്‌ത വസ്‌തുക്കളുടെ സാമ്പിളുകൾ, സംഭരിച്ച മറ്റ് സാധനങ്ങൾ എന്നിവയും ശേഖരിച്ച് വിശദമായ പരിശോധന നടത്തും. ഇതിൽ വൈറസ് നിലനിൽക്കാനുണ്ടായ സാഹചര്യം പഠനത്തിന് വിധേയമാക്കുന്നുണ്ട്. ഐസ്ക്രീമിൽ കൊഴുപ്പിന്റെ അംശമുള്ളതിനാലാണ് വൈറസ് ഇത്രയും ദിവസം നിലനിന്നതെന്ന് ലീഡ്സ് സർവകലാശാലയിലെ വൈറോളജിസ്‌റ്റ് ഡോ. സ്‌റ്റീഫൻ ഗ്രിഫിൻ വ്യക്തമാക്കി.